ഹരീഷിന്റെ ആകാശ വെള്ളരിക്ക് സല്യൂട്ട്
text_fieldsനീലേശ്വരം: കാസർകോട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ബിരിക്കുളം കോളംകുളത്തെ ഹരീഷ് മണ്ണിന്റെ മണമുള്ള മികച്ച യുവകർഷകനാണ്. കാക്കിയുടുപ്പങ്ങ് ഊരിവെച്ചാൽ പിന്നെ ഹരീഷ് തൂമ്പയെടുത്ത് നേരേ പോകുന്നത് മണ്ണിൽ പൊന്നുവിളയിക്കുന്ന ചേറുള്ള വയലിലാണ്.
ഇങ്ങനെ കൃഷിയെ സ്നേഹിക്കുന്നതുകൊണ്ടാണ് ഈ പൊലീസ് ഉദ്യാഗസ്ഥൻ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാകുന്നത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഈവർഷത്തെ മികച്ച യുവകർഷകനുള്ള അവാർഡ് ഹരീഷിന് ലഭിച്ചു. ഇപ്പോൾ ഹരീഷിന്റെ പാടത്ത് വിളഞ്ഞുനിൽക്കുന്നത് ആകാശവെള്ളരിയാണ്. ഈ ആകാശവെള്ളരി സ്വാദിഷ്ടമായ പാഷൻഫ്രൂട്ട് വർഗത്തിൽ പെടുന്നതാണ്. അന്യംനിന്നുപോയ ആകാശവെള്ളരിയെ ഹരീഷ് വീണ്ടും വടക്കേ മലബാറിലേ അടുക്കളയിലേക്ക് തിരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്.
അടുക്കളയിൽ കറിവെക്കാനും പഴുത്താൽ ജ്യൂസ് ആവശ്യങ്ങൾക്കും ഇത് പറ്റും. മുൻകാലങ്ങളിൽ ആകാശംമുട്ടെ വളരുന്ന ആഞ്ഞിലിപോലുള്ള മരങ്ങളിൽ കയറിപ്പിടിക്കുന്നതിനാലാണ് ആകാശവെള്ളരി എന്നു പേര് വന്നതെന്ന് പഴമക്കാർ പറയുന്നു. പിന്നീട് നമ്മുടെ നാട്ടിൻ പുറങ്ങളിൽനിന്ന് അപ്രതീക്ഷിതമായ ബാർബഡിൻ എന്നപേരിൽ അറിയപ്പെടുന്ന ആകാശവെള്ളരി ശരാശരി 100 വർഷങ്ങൾക്ക് മുകളിൽ ഒറ്റച്ചെടിയുടെ ആയുസ്സ് എന്നാണ് പറയപ്പെടുന്നത്.
വർഷം മുഴുവൻ കായ്ഫലം തരുന്ന ആകാശവെള്ളരി ജില്ലയിൽ കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന മണ്ണിന്റെ കാവലാൾ കൂട്ടായ്മയാണ് വിത്തുകൾ എത്തിച്ച് കർഷകരുടെ ഇടയിൽ പ്രചരിപ്പിക്കുന്നത്. ഒട്ടേറേ വിറ്റമിനും ഔഷധഗുണവുമുള്ളതാണ് ആകാശവെള്ളരിയെന്ന് ഹരീഷ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ഹരിഷിന്റെ വീട്ടിൽ കൂട്ടായ്മയിലൂടെ കിട്ടിയ പരമ്പരാഗത കാർഷികവസ്തുക്കൾ പരിപാലിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

