പ്രഭാതഭക്ഷണത്തിന് ശേഷം ഷുഗർ ഉയരുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ?, എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ...
text_fieldsപ്രഭാതഭക്ഷണത്തിന് പിന്നാലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുന്നത് ടൈപ്പ്-2 പ്രമേഹമുള്ളവരെ ഏറ്റവും കുടുതൽ അലട്ടുന്ന പ്രധാന പ്രശ്നമാണ്. മലയാളികളിൽ പ്രതിഭാസം വളരെ കൂടുതലാണ്. കാരണം നമ്മുടെ പ്രഭാത ഭക്ഷണമെനുവിൽ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള വിഭവങ്ങളാണ് കൂടുതലും. രാവിലെ എന്ത് കഴിക്കുന്നു എന്നത് രകതത്തിൽ പഞ്ചസാര വർധനയെ കാര്യമായി സ്വാധീനിക്കാമെന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. മാത്രമല്ല കാർബോഹൈഡ്രേറ്റ് കൂടുതലുള്ള പ്രഭാതഭക്ഷണത്തോടൊപ്പം പ്രോട്ടീൻ കൂടുതലുള്ള വിഭവങ്ങളൾ കൂടി ഉൾക്കൊള്ളിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ വർധന നിയന്ത്രിക്കാൻ സഹായിക്കുമെന്നും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ടൈപ്പ്-2 പ്രമേഹമുള്ളവരിലാണ് ഗവേഷകരുടെ പഠനം. പഠനത്തിന് പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണത്തിൽ 35 ശതമാനം പ്രോട്ടീനും 45 ശതമാനം കാർബോഹൈഡ്രേറ്റും 20 ശതമാനം കൊഴുപ്പുമായിരുന്നു. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണത്തിൽ 15 ശതമാനം പ്രോട്ടീനും 65 ശതമാനം കാർബോഹൈഡ്രേറ്റും 20 ശതമാനം കൊഴുപ്പും ഉൾക്കൊള്ളിച്ചായിരുന്നു സംഘത്തിന്‍റെ പഠനം. പ്രോട്ടീൻ കൂടുതലുള്ള പ്രഭാതഭക്ഷണത്തിൽ ഏകദേശം 43.8 ഗ്രാം പ്രോട്ടീൻ ഉണ്ടായിരുന്നപ്പോൾ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണത്തിൽ 19.3 ഗ്രാം മാത്രമായിരുന്നു.പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിച്ചപ്പോൾ ഷുഗർ വർധന 16 ശതമാനം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിന് എട്ട് മണിക്കൂർ ശേഷവും ഷുഗർ വർധന ഏകദേശം 10 ശതമാനം കുറവായിരുന്നു. അല്ലെങ്കിൽ പ്രഭാത ഭക്ഷണത്തിന് മുമ്പ് പ്രോട്ടീൻ ഷെയ്ക് കുടിക്കുന്നതും രക്തത്തിൽ ഷുഗർ നില ഉയരുന്നുത് കുറയ്ക്കാൻ സഹായിക്കും.എന്നാൽ 'കാർബോഹൈഡ്രേറ്റ് പൂർണമായി ഒഴിവാക്കുന്നതും ഗുണകരമാവില്ല.
പ്രമേഹ രോഗികൾക്ക് 5 പ്രോട്ടീൻ സമ്പന്ന ബ്രേക്ക്‌ഫാസ്റ്റുകൾ
പുട്ട് + കടലക്കറി + മുട്ട: പുട്ടിന്റെ അളവ് കുറച്ച് കടല കൂടുതൽ എടുക്കാം. കൂടെ ഒരു പുഴുങ്ങിയ മുട്ട ചേർത്താൽ പ്രോട്ടീൻ വർധിക്കും. പുട്ടിന് ഗോതമ്പ്,റാഗി,ഓട്സ് പോലുള്ള ധാന്യങ്ങൾ ഭാഗികമായി ഉപയോഗിക്കുന്നതാണ് ഉത്തമം.
ദോശ + സാമ്പാർ + മുട്ട,പനീർ: രണ്ട് ചെറിയ ദോശയ്ക്കൊപ്പം പച്ചക്കറികളും പരിപ്പും ധാരാളമുള്ള സാമ്പാർ. കൂടെ മുട്ടയോ ചെറിയ അളവിൽ പനീറോ ഉൾപ്പെടുത്താം. ദോശയുടെ എണ്ണം കൂട്ടുന്നതിനുപകരം സാമ്പാറിന്റെയും പ്രോട്ടീൻ വിഭവത്തിന്റെയും അളവ് കൂട്ടുക.
അട, പയർ ദോശ + പച്ചക്കറി: ചെറുപയർ, മുതിര, കടല, പരിപ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള അടയോ ദോശയോ നല്ലൊരു പ്രോട്ടീൻ വിഭവമാണ്. മാവിൽ ചീര, കാരറ്റ്, ഉള്ളി തുടങ്ങിയ പച്ചക്കറികളും ചേർക്കാം. കൂടെ പഞ്ചസാര ചേർക്കാത്ത തൈര് ഉപയോഗിക്കാം.
ചപ്പാത്തി + പയർ/കടല + മുട്ട: ഒന്നോ രണ്ടോ ചെറിയ ഗോതമ്പ് ചപ്പാത്തി, ഒപ്പം ചെറുപയർ/കടല/പരിപ്പ് കറി, ഒരു മുട്ട, കൂടെ വെള്ളരി-തക്കാളി പോലുള്ള പച്ചക്കറികൾ. ചപ്പാത്തിയുടെ എണ്ണം കൂട്ടുന്നതിനു പകരം പയർവർഗത്തിനും പച്ചക്കറികൾക്കും മുൻഗണന നൽകാം.
ചപ്പാത്തി + ചിക്കൻ കറി+ സാലഡ്: ഗോതമ്പ് ചപ്പാത്തിയും 75–100 ഗ്രാം ചിക്കൻ ഉൾക്കൊള്ളിച്ച കറിയും ഒരു കപ്പ് പച്ചക്കറി/സാലഡ് എന്ന രീതിയിൽ ക്രമീകരിക്കാം. ചിക്കൻഎണ്ണയും തേങ്ങാപ്പാലും അധികമില്ലാതെ തയ്യാറാക്കണം. കക്കിരി, തക്കാളി, കാബേജ്, കാരറ്റ്, ഇലക്കറികൾ തുടങ്ങിയവ സൈഡായി ഉൾപ്പെടുത്താം. ഇതിലൂടെ പ്രോട്ടീനും ഫൈബർ ലഭിക്കും.
ശ്രദ്ധിക്കുക: ഡയബറ്റീസ് ഉള്ളവർ പ്രഭാത ഭക്ഷണത്തിൽ മുട്ട, ചെറുപയർ, കടല, മുതിര, പരിപ്പ്, സോയ, പനീർ, പഞ്ചസാര ചേർക്കാത്ത തൈര്, പാൽ, നിലക്കടല, ബദാം, വിവിധ വിത്തുകൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും ഉൾപ്പെടുത്തണം. ചിക്കനും മീൻ കഴിക്കുന്നവർക്ക് ചില ദിവസങ്ങളിൽ ചെറിയ അളവിൽ മീനും ഉൾപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

