Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഭക്ഷണശേഷം 10 മിനിറ്റ്...

ഭക്ഷണശേഷം 10 മിനിറ്റ് നടക്കൂ; രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം

text_fields
bookmark_border
ഭക്ഷണശേഷം 10 മിനിറ്റ് നടക്കൂ; രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം
cancel

ഭക്ഷണം കഴിച്ചതിന് ശേഷം വെറും 10 മിനിറ്റ് നടക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ജനറൽ മെഡിസിൻ കൺസൽട്ടന്റ് ഡോ. ആബിദ് കള്ളിയത്ത് വ്യക്തമാക്കുന്നു.ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുന്നത് സ്വാഭാവികമാണ്.

പ്രത്യേകിച്ച് ചോറ്, ബ്രെഡ്, പലഹാരങ്ങൾ തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ഈ വർധനവ് കൂടുതൽ പ്രകടമാകുന്നത്. ഈ സമയത്ത് നടക്കുന്നതിലൂടെ പേശികൾ സജീവമാവുകയും രക്തത്തിലെ ഗ്ലൂക്കോസ് പേശികൾ ഉപയോഗിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

ഭക്ഷണത്തിന് ശേഷം പൂർണമായും വിശ്രമിക്കുന്നതിന് പകരം ചെറിയൊരു നടത്തം ശീലമാക്കുന്നത് വളരെ ലളിതമായൊരു ആരോഗ്യപരിപാലന രീതിയാണ്. പ്രമേഹമുള്ളവരിലും പ്രമേഹസാധ്യതയുള്ളവരിലും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കാൻ ഇത് സഹായിക്കും. ഭക്ഷണത്തിന് ശേഷം ചെയ്യുന്ന ശാരീരിക പ്രവർത്തനം ഗ്ലൂക്കോസ് വർധനവ് കുറയ്ക്കുന്നതായി നിരവധി പഠനങ്ങളും ശാസ്ത്രീയ അവലോകനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് ഭക്ഷണം, മൂന്ന് ചെറിയ നടത്തം

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് ശേഷം 10 മിനിറ്റ് വീതം നടക്കുന്നത് ദിവസത്തിൽ 30 മിനിറ്റ് ശാരീരിക പ്രവർത്തനമായി മാറും.ആഴ്ചയിൽ ഇത് ഏകദേശം 210 മിനിറ്റാകും.വലിയ തോതിലുള്ള വ്യായാമത്തിന് സമയം കണ്ടെത്താൻ കഴിയാത്തവർക്ക് പോലും ഈ ശീലം എളുപ്പത്തിൽ ജീവിതത്തിന്റെ ഭാഗമാക്കാനാകും.ഭക്ഷണത്തിന് ശേഷം വളരെ വേഗത്തിൽ നടക്കേണ്ടതില്ല; പതുക്കെ നടക്കാൻ ശ്രദ്ധിക്കണം.

നടക്കുമ്പോൾ പേശികൾ ഗ്ലൂക്കോസ് ഉപയോഗിക്കുന്നു. ഇതുവഴി ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ ഉയർച്ച കുറയ്ക്കാൻ സാധിക്കും. ഇത് പ്രമേഹത്തിനുള്ള മരുന്നിന് പകരമല്ലെങ്കിലും, ആരോഗ്യകരമായ ഭക്ഷണക്രമത്തിനും ചികിത്സയ്ക്കുമൊപ്പം ചെയ്യാവുന്ന നല്ലൊരു ജീവിതശൈലി ശീലമാണെന്ന് ഡോ. ആബിദ് കള്ളിയത്ത് പറഞ്ഞു.

ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഗുണകരം

പ്രമേഹമുള്ളവർക്ക് മാത്രമല്ല, പ്രമേഹമില്ലാത്തവർക്കും ഭക്ഷണത്തിന് ശേഷമുള്ള ചെറിയ നടത്തം പ്രയോജനകരമാണ്. പ്രത്യേകിച്ച് ദിവസത്തിൽ കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഭക്ഷണത്തിന് ശേഷമുള്ള ഈ ചെറിയ നടത്തം ഏറെ ഗുണം ചെയ്യും.

വ്യായാമത്തിന് പകരമല്ല

അതേസമയം, ഭക്ഷണത്തിന് ശേഷമുള്ള 10 മിനിറ്റ് നടത്തം ക്രമമായ വ്യായാമത്തിന് പകരമല്ല. പ്രമേഹമുള്ളവർ ഉൾപ്പെടെയുള്ള മുതിർന്നവർക്ക് ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയിലുള്ള എയറോബിക് വ്യായാമവും പേശികളുടെ ശക്തി വർധിപ്പിക്കുന്ന വ്യായാമവും ഉൾപ്പെടെയുള്ള സമഗ്രമായ ശാരീരിക പ്രവർത്തനമാണ് ശുപാർശ ചെയ്യുന്നത്.

പ്രമേഹത്തിനുള്ള മരുന്നുകൾ കഴിക്കുന്നവർ വ്യായാമത്തിന്റെ ഭാഗമായി രക്തത്തിലെ പഞ്ചസാര അമിതമായി കുറയാനുള്ള സാധ്യതയെക്കുറിച്ച് ഡോക്ടറുടെ നിർദേശം തേടണം. ഭക്ഷണത്തിന് ശേഷം നടക്കുന്നതിന്റെ പേരിൽ പ്രമേഹമരുന്നുകൾ സ്വമേധയാ കുറയ്ക്കുകയോ നിർത്തുകയോ ചെയ്യരുതെന്നും ഡോക്ടർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthtipsDiabeteblood sugarhealthy lifestylehealthnews
News Summary - Benefits of walking for 10 minutes after meals
Next Story