ദുബൈയിൽ ഇനി കാൽനട, സൈക്കിൾ യാത്രകൾ എളുപ്പമാകും
text_fieldsദുബൈയിലെ സൈക്കിൾ പാതകളിലൊന്ന്
ദുബൈ: ദുബൈ നിവാസികൾക്ക് ഇനി കാൽനടയാത്രയും സൈക്കിൾ, ഇ-സ്കൂട്ടർ യാത്രകളും കൂടുതൽ എളുപ്പമാകും. എമിറേറ്റിലുടനീളം ‘സോഫ്റ്റ് മൊബിലിറ്റി’ ശൃംഖല വ്യാപിപ്പിക്കുന്നതിനുള്ള അഞ്ച് വർഷത്തെ പദ്ധതിക്ക് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അംഗീകാരം നൽകി. 2030-ഓടെ എമിറേറ്റിലെ 25 റെസിഡൻഷ്യൽ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും 63 പൊതുഗതാഗത സ്റ്റേഷനുകളുടെ പരിസരങ്ങൾ നവീകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ ദുബൈ മറീന, അൽ റിഗ്ഗ, നായിഫ്, അൽ മുറാർ, അൽ മുറഖബാത് എന്നീ അഞ്ച് പ്രദേശങ്ങളിൽ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെയെല്ലാം കാൽനടയാത്രക്കാർക്കും സൈക്കിളുകൾക്കുമായുള്ള പ്രത്യേക പാതകൾ ആർ.ടി.എ ഒരുക്കുന്നുണ്ട്.
യാത്രക്കാർക്ക് അവരുടെ യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. മെട്രോ, ബസ് സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള വീതിയേറിയ നടപ്പാതകൾ, സൈക്കിൾ-ഇ സ്കൂട്ടർ ട്രാക്കുകൾ, തണലുള്ള കാൽനടപ്പാതകൾ, സുരക്ഷിതമായ ക്രോസിങ്ങുകൾ, സൈക്കിൾ പാർക്കിങ്, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, വാഹനം കയറാനും ഇറങ്ങാനുമുള്ള ഇടങ്ങൾ എന്നിവ ഇതിലൂടെ മെച്ചപ്പെടുത്തും. മുമ്പ് ഒമ്പത് പ്രദേശങ്ങളിലും 37 മെട്രോ സ്റ്റേഷനുകളിലും ആർ.ടി.എ ഈ സൗകര്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ജനപ്രിയമാക്കുക, കൂടുതൽ പേരെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ദുബൈ ഭരണകൂടം ഈ പദ്ധതി നടപ്പാക്കുന്നത്. 2025ൽ ദുബൈയിൽ 342 ദശലക്ഷം കാൽനടയാത്രകളും 57.3 ദശലക്ഷം സൈക്കിൾ യാത്രകളും 39.6 ദശലക്ഷം ഇ-സ്കൂട്ടർ യാത്രകളും രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് സൈക്കിൾ, ഇ-സ്കൂട്ടർ യാത്രകളിൽ 23 ശതമാനം വർധനവാണുള്ളത്. ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഈ പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതർ അൽ തായർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

