യു.എ.ഇയിൽ നെസ്‌ലെയുടെ ബേബി ഫോർമുലയുടെ വിവിധ ഉൽപന്നങ്ങൾ പിൻവലിച്ചു
text_fieldsദുബൈ: നെസ്‌ലെയുടെ ചില ഇൻഫാന്‍റ് ഫോർമുല ഉൽപന്നങ്ങൾ പിൻവലിച്ച് യു.എ.ഇ. ബുധനാഴ്ച രാത്രിയാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇ.ഡി.ഇ) നടപടി സ്വീകരിച്ചത്. നെസ്‌ലെയുമായി ഏകോപിപ്പിച്ചാണ് നടപടിയെന്നും സ്വയംസന്നദ്ധമായും മുൻകരുതൽ നടപടികളുടെ അടിസ്ഥാനത്തിലുമാണ് പിൻവലിക്കലെന്നും അധികൃതർ വ്യക്തമാക്കി. എൻ.എ.എൻ കംഫേർട് 1, എൻ.എ.എൻ ഒപ്റ്റിപ്രോ 1, എൻ.എ.എൻ സുപ്രീം പ്രോ 1, 2, 3, എസ്-26 അൾട്ടിമ 1, 2, 3, അൽഫാമിനോ എന്നിവ പിൻവലിച്ചവയിൽ ഉൾപ്പെടും.
ഉൽപാദനത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ ഒന്നിൽ ബാസിലസ് സെറിയസ് ബാക്ടീരിയയുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ആരംഭിച്ചത്. സെറൂലൈഡ് എന്ന വിഷവസ്തു ഉൽപാദിപ്പിക്കാൻ ഇതിന് കഴിയും. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നടപടികളിലേക്ക് നയിച്ചത് ഇതുകാരണമാണെന്നും ഇ.ഡി.ഇ പറഞ്ഞു.
കുട്ടികളിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾക്ക് കാരണമായേക്കാവുന്ന വിഷവസ്തു ഉൾപ്പെടുന്ന മലിനീകരണ സാധ്യത തിരിച്ചറിഞ്ഞതിനെത്തുടർന്ന് നെസ്‌ലെയുടെ ബേബി ഫോർമുല ഉൽപന്നങ്ങൾ ആഗോളതലത്തിൽ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇതുവരെ, പിൻവലിച്ച ബാച്ചുകളുമായി ബന്ധപ്പെട്ട് അസുഖങ്ങളോ ബുദ്ധലമുട്ടുകളോ റിപ്പോർട്ട് ചെയ്യപ്പെടുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും മറ്റെല്ലാ നെസ്‌ലെ ഉൽപന്നങ്ങളും ഉപഭോഗത്തിന് സുരക്ഷിതമാണെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഇ.ഡി.ഇയുടെ ഏറ്റവും ഉയർന്ന മുൻഗണനയാണെന്ന് എസ്റ്റാബ്ലിഷ്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. പിൻവലിച്ച ബാച്ചുകൾ കമ്പനിയുടെയും വിതരണക്കാരുടെയും വെയർഹൗസുകളിൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ pv@ede.gov.ae എന്ന ഇ-മെയിൽ വിലാസം വഴി പൊതുജനങ്ങൾക്ക് അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

