നാസ അവാർഡ് ഏറ്റുവാങ്ങി യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ വിദ്യാർഥിനി
text_fieldsഉമാമ അലി
റാസൽഖൈമ: യു.എസിലെ വാഷിങ്ടൺ ഡി.സിയിലെ നാസ ആസ്ഥാനത്ത് നടന്ന നാസ സ്പേസ് ആപ്സ് ചലഞ്ച് അവാർഡ് യു.എ.ഇയെ പ്രതിനിധീകരിച്ച് ഏറ്റുവാങ്ങി യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ റാസൽഖൈമ കാമ്പസ് വിദ്യാർഥിനി. അവസാന വർഷ ബി.എസ് സി(ഓണേഴ്സ്) കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ ഉമാമ അലിയാണ് നാസ ഇന്റർനാഷനൽ സ്പേസ് ആപ്സ് ചലഞ്ച് -2024ലെ ‘മോസ്റ്റ് ഇൻസ്പിരേഷനൽ പ്രോജക്ട് അവാർഡ്’ സ്വീകരിച്ചത്. യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ റാക് കാമ്പസിനെയും യു.എ.ഇയെയും പ്രതിനിധീകരിച്ചാണ് ഉമാമ ചടങ്ങിൽ പങ്കെടുത്തത്. റിക്സാ നൂറുൽ ഹുദ ഖട്ടൽ, സമീറ റഫീഖ് ഖാൻ, ഷഫീഖ ഫാത്തിമ ജഹാംഗീർ എന്നിവരടങ്ങുന്ന ടീമിന് വേണ്ടിയാണ് ഉമാമ അവാർഡ് സ്വീകരിച്ചത്.
163 രാജ്യങ്ങളിലായി 93,000ത്തിലധികം പേർ പങ്കെടുത്ത മത്സരത്തിലാണ് അഭിമാനകരമായ അംഗീകാരം നേടിയത്. ആദ്യമായാണ് യു.എ.ഇയിൽനിന്നുള്ള ഒരു ടീം ഈ അവാർഡ് നേടുന്നത്. ‘ഇക്കോ-മെട്രോപോളിസ്: സസ്റ്റയ്നബ്ൾ സിറ്റി സിമുലേഷൻ’ എന്ന പ്രോജക്ടാണ് അവാർഡിന് അർഹമായത്. യുവാക്കളെ സുസ്ഥിരത, കാലാവസ്ഥാ പ്രതിരോധം, സ്മാർട്ട് സിറ്റി വികസനം എന്നിവയിൽ ഭാഗഭാക്കാക്കുന്നതിന് രൂപകൽപന ചെയ്ത വിദ്യാഭ്യാസപരവും സംവേദനാത്മകവുമായ ഗെയിമാണിത്. യഥാർഥ നാസ ഡേറ്റാസെറ്റുകൾ ഉൾപ്പെടുത്തി യു.എൻ സുസ്ഥിര വികസന ലക്ഷ്യം 11മായി സംയോജിപ്പിച്ച്, ഉത്തരവാദിത്തമുള്ള നഗര ആസൂത്രണത്തിന്റെയും വിഭവ മാനേജ്മെന്റിന്റെയും പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്ന പ്രായോഗിക പഠന ഉപകരണമായാണ് ഗെയിം രൂപപ്പെടുത്തിയത്.ഇത് യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ റാകിന്റെ മാത്രം വിജയമല്ലെന്നും യു.എ.ഇക്ക് അഭിമാനകരമായ നിമിഷമാണെന്നും സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വെല്ലുവിളികൾ പരിഹരിക്കാൻ കഴിവുള്ള നേതൃത്വത്തെ വളർത്തിയെടുക്കാനുള്ള സ്ഥാപനത്തിന്റെ കാഴ്ചപ്പാടിനെയാണ് നേട്ടം പ്രതിഫലിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.