പൗരൻമാരെയും താമസക്കാരെയും ഇറാനിൽനിന്ന് ഒഴിപ്പിച്ച് യു.എ.ഇ
text_fieldsഇറാനിൽനിന്ന് ഒഴിപ്പിച്ച യു.എ.ഇ പൗരൻമാരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദുബൈ: സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽനിന്ന് യു.എ.ഇ നിരവധി പൗരൻമാരെയും താമസക്കാരെയും ഒഴിപ്പിച്ചു. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ അധികൃതരുമായും മറ്റു ഏജൻസികളുമായും സഹകരിച്ചാണ് ഓപറേഷൻ നടത്തിയത്. പൗരൻമാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അനുസരിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ഒഴിപ്പിച്ചത് എത്രപേരെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഘർഷാന്തരീക്ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളും നയതന്ത്ര തലത്തിൽ യു.എ.ഇ നടപ്പാക്കുന്നുണ്ട്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാനുമായി കഴിഞ്ഞദിവസം ഫോൺസംഭാഷണം നടത്തിയിരുന്നു. വെല്ലുവിളി നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ ഇറാനും ജനങ്ങൾക്കും ഐക്യദാർഢ്യമറിയിച്ച ശൈഖ് മുഹമ്മദ്, മേഖലയിൽ സംഘർഷം കുറക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുകയുംചെയ്തിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്ത യു.എ.ഇയിലെ ഇറാൻ പൗരൻമാരുടെ വിസാ പിഴകൾ ഒഴിവാക്കുന്നതിന് യു.എ.ഇ പ്രസിഡന്റ് നിർദേശം നൽകുകയുംചെയ്തിരുന്നു.ഇതനുസരിച്ച് വിസാ കാലാവധി പിന്നിട്ട ഇറാൻ പൗരൻമാരായ താമസവിസക്കാർക്കും സന്ദർശക വിസക്കാർക്കും പിഴയുണ്ടാവില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

