കേളികൊട്ടുയർന്ന് എട്ടാമത്ഭുതം
text_fields‘കമോൺ കേരള’ എട്ടാം എഡിഷൻ ലോഗോ പ്രകാശനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി നിർവഹിക്കുന്നു. ഗൾഫ് മാധ്യമം യു.എ.ഇ കൺട്രി ഹെഡ് സാജിദ് ശംസുദ്ദീൻ, ബിസിനസ് സൊല്യൂഷൻ ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, സി.ഒ.ഒ സകരിയ്യ മുഹമ്മദ്, ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ എന്നിവർ സമീപം
ദുബൈ: ആഗോളതലത്തിൽ കേരളത്തിന്റെ കരുത്തും മുന്നേറ്റവും അടയാളപ്പെടുത്തുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ മേളയായ ‘കമോൺ കേരള’, നവീനവും വിപുലവുമായ സന്നാഹങ്ങളോടെ എട്ടാം എഡിഷന് ഒരുങ്ങുന്നു. പ്രവാസ മലയാളം ഇന്നോളം കാണാത്ത അത്ഭുതക്കാഴ്ചകളും അവസരങ്ങളുമായി സജ്ജീകരിക്കുന്ന മേളയുടെ പ്രഖ്യാപനം ലോഗോ പ്രകാശനംചെയ്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി നിർവഹിച്ചു.
കഴിഞ്ഞ ഏഴ് എഡിഷനുകളിൽനിന്ന് വ്യത്യസ്തമായി വാണിജ്യ പ്രദർശനങ്ങളിലും വിനോദ പരിപാടികളിലും വലിയ മാറ്റങ്ങളോടെയാണ് എട്ടാം എഡിഷൻ അണിയറയിൽ ഒരുങ്ങുന്നത്.ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടെ മേയ് 8, 9, 10 തീയതികളിലായി ഷാർജ എക്സ്പോ സെന്ററിലാണ് ‘കമോൺ കേരള’യുടെ എട്ടാം എഡിഷൻ അരങ്ങേറുന്നത്. മുൻ എഡിഷനുകളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽനിന്നുള്ള സംരംഭങ്ങളെ പരിചയപ്പെടുത്താൻ ‘മേക് ഇൻ കേരള’ അടക്കം പുതിയ പവിലിയനുകൾ ഇത്തവണത്തെ സവിശേഷതയാണ്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് കഴിഞ്ഞ ഏഴ് എഡിഷനുകളും അരങ്ങേറിയത്.
യു.എ.ഇയിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള 300ലേറെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും പ്രമുഖർ പങ്കെടുക്കുന്ന വിനോദ പരിപാടികളും ഇത്തവണയും ആസൂത്രണം ചെയ്യുന്നുണ്ട്. യു.എ.ഇയുടെ കുടുംബ വർഷാചരണത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക ബന്ധങ്ങളെ ശക്തമാക്കുന്ന പരിപാടികളും മേളയുടെ ഭാഗമായുണ്ടാകും. മിഡിലീസ്റ്റുമായി ഇന്ത്യയുടെ വാണിജ്യ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മേളയിൽ യു.എ.ഇയിലെയും ഇന്ത്യയിലെയും ഉന്നത വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും സാമൂഹിക, സാംസ്കാരിക നേതാക്കളും പങ്കെടുക്കും. യു.എ.ഇയിലെയും ഇന്ത്യയിലെയും തെരഞ്ഞെടുക്കപ്പെട്ട ബിസിനസ് രംഗത്തെ പ്രമുഖരെയും വനിത പ്രതിഭകളെയും വേദിയിൽ ആദരിക്കും. ദുബൈയിൽ നടന്ന പ്രകാശന ചടങ്ങിൽ ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ഗൾഫ് മാധ്യമം ബിസിനസ് സൊല്യൂഷൻ ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, സി.ഒ.ഒ സകരിയ്യ മുഹമ്മദ്, യു.എ.ഇ കൺട്രി ഹെഡ് സാജിദ് ശംസുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

