അറബ് മേഖലയില്‍ കൊളോണിയല്‍ ശക്തികളുടെ അധിനിവേശം, പൂര്‍വ്വികരുടെ പ്രൗഢിയാര്‍ന്ന ജീവിതം.. കഥകള്‍ ഏറെ ചൊല്ലും റാസല്‍ഖൈമയിലെ ഈ 'കല്ല് മസ്ജിദു'കള്‍. ഓള്‍ഡ് റാസല്‍ഖൈമയില്‍ കടല്‍ തീരത്തിന് അഭിമുഖമായും അല്‍ നഖീല്‍ ശാബിയ ഹുറൈബിലുമാണ് ആധുനിക വാസ്തുശാസ്ത്രത്തോട് കിടപിടിക്കുന്ന ഈ പള്ളികള്‍. റാസല്‍ഖൈമയുടെ മുന്‍ ഭരണാധിപന് ശൈഖ് സഖര്‍ ബിന്‍ ആല് ഖാസിമിയുടെ പിതാമഹന് ശൈഖ് മുഹമ്മദ് ബിന്‍ സാലിം ആല് ഖാസിമിയാണ് 292 വർഷം മുൻപ് ഈ പള്ളികള്‍ പണി കഴിപ്പിച്ചത്. ഇദ്ദേഹത്തിെൻറ പേരാണ് നൽകിയിരിക്കുന്നതെങ്കിലും കല്ലുകള്‍ കൊണ്ട് വിസ്മയം തീര്‍ത്തിട്ടുള്ളതിനാല്‍ 'ഹജര്‍ (കല്ല്) മസ്ജിദ്' എന്നാണ് തദ്ദേശീയരും മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ക്കിടയിലും അറിയപ്പെടുന്നത്.
പുരാവസ്തു വകുപ്പിെൻറ സംരക്ഷണയിലുള്ള മസ്ജിദ് പത്തു വര്‍ഷങ്ങള്‍ക്ക് മുൻപ് ബലപ്പെടുത്തിയെങ്കിലും പുരാതന രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയില്ല. വാഹനങ്ങള്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യവും കടലിനഭിമുഖമായി ഇരിപ്പിടവും ഒരുക്കി പള്ളി പരിസരം കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. യു.എ.ഇ രൂപവത്കരണത്തിന് മുമ്പ് റാസല്‍ഖൈമയുടെ ഭരണ സിരാ കേന്ദ്രവും ഈ പള്ളിക്ക് സമീപമായിരുന്നു. മീറ്ററുകൾ അകലെയുള്ള നിലവിലെ മ്യൂസിയവും കെട്ടിടാവശിഷ്ടങ്ങളുമെല്ലാം ഇതിന് അടിവരയിടുന്നുണ്ട്. പുരാവസ്തു ഗവേഷകരുടെ ഒട്ടേറെ ഖനന പഠനങ്ങളും പ്രദേശം കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്. അതിപുരാതന കാലം മുതല്‍ ഇവിടെ മസ്ജിദുണ്ടായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തില്‍ നശിപ്പിക്കപ്പെട്ട പള്ളി വൈകാതെ പുനസ്ഥാപിക്കപ്പെട്ടതായും ചരിത്ര രേഖ പറയുന്നു.
കോറല്‍ സ്റ്റോണ്‍, ബീച്ച് റോക്ക് തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണം. മരത്തടികളും ചകിരിയും പനയോലകളും ഉപയോഗിച്ചുള്ള മേല്‍ക്കൂര ചൂടിനെ തടുക്കുന്നു. പുനരുദ്ധാരണ സമയത്തും പരമ്പരാഗത രീതിയിലെ ചുണ്ണാമ്പ് കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. പഴമക്കാര്‍ ബാങ്ക് വിളിക്ക് കയറി നിന്ന സ്ഥലം കടല്‍തീരത്തോട് ചേര്‍ന്ന 'കല്ല് മസ്ജിദി'ല്‍ ഇപ്പോഴും സംരക്ഷിച്ച് നിര്‍ത്തിയിട്ടുണ്ട്. ശൈഖ് മുഹമ്മദ് ബിന്‍ സാലിം അല്‍ ഖാസിമിയുടെ നാമഥേയത്തിലാണ് ശാബിയ ഹുറൈബിലെ കല്ല് മസ്ജിദും. നൂറ്റാണ്ടുകളുടെ പഴക്കമാണ് ഇതിനും കണക്കാക്കുന്നത്. മസ്ജിദിന് സമീപത്തെ കെട്ടിടം പഴയ ഭരണാധികാരികളുടെ കാര്യാലയവും താമസ കേന്ദ്രവുമായും പ്രവര്‍ത്തിച്ചിരുന്നുവെന്നതും ശ്രദ്ധേയം.