ആൽ മക്തൂം വിമാനത്താവളത്തിൽ സ്മാർട്ട് കോറിഡോർ
text_fieldsആൽ മക്തൂം വിമാനത്താവളത്തിൽ റോബോട്ട് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്ന യാത്രക്കാരി (പ്രതീകാത്മക ചിത്രം)
ദുബൈ: എമിറേറ്റിൽ പുതുതായി നിർമിക്കുന്ന ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായ ആൽ മക്തൂം വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുക സ്വയം നിയന്ത്രിത റോബോട്ടുകൾ. വിമാനത്താവളത്തിൽ യാത്രക്കാർ വന്നിറങ്ങിയാൽ സ്വയം നിയന്ത്രണ റോബോട്ടുകൾ വാഹനത്തിൽ നിന്ന് ലഗേജുകൾ ഏറ്റെടുത്ത് ചെക്ക് ഇൻ കൗണ്ടറിൽ എത്തിക്കും. കൂടാതെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പ്രത്യേക ആപ്പും വികസിപ്പിക്കുന്നുണ്ട്.
ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവർക്ക് ഇ-ടാഗായിരിക്കും അനുവദിക്കുക. ഇന്റലിജൻസ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഉപയോഗിച്ച് എയർപോർട്ടിൽ എത്തുന്ന വാഹനങ്ങളെ ട്രാക്ക് ചെയ്യും. ഇതുവഴി എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർക്കായി ധ്രുതഗതിയിൽ ഒരുക്കങ്ങൾ നടത്താൻ വിമാന കമ്പനികൾക്ക് സാധിക്കും. അതോടൊപ്പം യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ നിമിഷനേരം കൊണ്ട് പൂർത്തീകരിക്കുന്നതിന് സ്മാർട്ട് കോറിഡോർ സംവിധാനവും ഒരുക്കും.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ സ്മാർട്ട് ഗേറ്റുകൾ കടന്നുപോകാൻ ഒരു യാത്രക്കാരൻ എടുക്കുന്ന സമയത്തിനുള്ളിൽ സ്മാർട്ട് കോറിഡോർ വഴി 10 യാത്രക്കാർക്ക് കടന്നുപോകാനാകും. യാത്ര പുറപ്പെടേണ്ട ദിവസം വിമാനത്താവളത്തിൽ എത്താൻ മെട്രോയോ ഹെലി ടാക്സിയോ തിരഞ്ഞെടുക്കാനും യാത്രക്കാർക്ക് അവസരമുണ്ടാകും. ബാഗേജ് ക്ലെയിം സംവിധാനവും നവീകരിക്കും. കൺവെയർ ബെൽറ്റിന് പകരം ബയോമെട്രിക് കിയോസ്കുകളായിരിക്കും ഉണ്ടാവുക. സ്വയം നിയന്ത്രണ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാർക്ക് ലഗേജുകൾ ഹോം ഡെലിവറി സേവനവും തിരഞ്ഞെടുക്കാം. കുട്ടികൾക്കായി പലതരത്തിലുള്ള വിനോദ മാർഗങ്ങളും ഒരുക്കും. ലോഞ്ചുകളിൽ ഷോപ്പിങ്ങിനുള്ള സൗകര്യങ്ങളുമുണ്ടാവും.
ചൊവ്വാഴ്ച ദുബൈയിൽ നടന്ന എയർപോർട്ട് ഷോയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ഉൾപ്പെടുന്ന ഉദ്യോഗസ്ഥ വിഭാഗമാണ് പുതിയ സംവിധാനങ്ങളെ കുറിച്ച് വിശദീകരിച്ചത്. നമ്മുടെ ഭാവി തടസ്സമില്ലാത്ത യാത്രയുടേതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പാസ്പോർട്ട് പരിശോധന, സ്റ്റാമ്പിങ് ഉൾപ്പെടുന്നതായിരുന്നു ഇമിഗ്രേഷൻ നടപടികൾ എങ്കിൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് എല്ലാ യാത്രക്കാരുടെയും പാസ്പോർട്ടുകൾ സ്വമേധയാ പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയും. എങ്കിലും കുട്ടികൾക്കായി പ്രത്യേക കൗണ്ടറുകളും അമ്മമാർക്കും പ്രായമായ യാത്രക്കാർക്കും മുൻഗണനാ സേവനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ വിമാനത്താവളത്തിൽ ടെർമിനലുകൾക്കിടയിൽ ഭൂഗർഭ ട്രെയിൻ നിർമിക്കുമെന്ന് ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫ്ത്
പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

