വിസ നിയമലംഘകരെ പിടികൂടാൻ യു.എ.ഇയിൽ ‘സ്മാർട് കാറു’കൾ വരുന്നു
text_fieldsദുബൈ: വിസ നിയമലംഘകരെ കണ്ടെത്താൻ നവീനമായ വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി യു.എ.ഇ അധികൃതർ. പുതിയ സംവിധാനം ദുബൈയിൽ നടക്കുന്ന ജൈടെക്സ് മേളയിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി) പ്രദർശിപ്പിച്ചത്.
ആറ് അത്യാധുനിക കാമറകളാണ് ‘ഐ.സി.പി ഇൻസ്പെക്ഷൻ കാറു’കളിൽ സംവിധാനിച്ചിട്ടുള്ളത്. തൽസമയ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിർമ്മിതബുദ്ധി സംവിധാനങ്ങളും വാഹനത്തിൽ സജ്ജീകരിക്കും. വാഹനത്തിന് ചുറ്റുമുള്ള വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാൻ കാറിന് സാധിക്കും.
മുഖ ചിത്രങ്ങൾ പകർത്തിയ ശേഷം ഉടനടി പ്രോസസിങ് നടത്തി നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ ഉപയോഗപ്പെടുത്തി വേഗതയിലും കൃത്യതയിലും വിശകലനം ചെയ്യുന്നതാണ് രീതി. ഇതുവഴി കൃത്യമായി നിയമലംഘകരെ തൽക്ഷണം തിരിച്ചറിയാൻ സാധിക്കും. ഇതിലൂടെ ഇൻസ്പെക്ടർമാർക്ക് ഉടനടി നടപടി സ്വീകരിക്കാനും കഴിയും. കാറിൽ സംവിധാനിച്ച ഡാറ്റാബേസിലെ ഏതെങ്കിലും വ്യക്തിയുടെ റെക്കോർഡുമായി പൊരുത്തപ്പെടുന്ന വിവരങ്ങൾ ലഭിച്ചാൽ സ്മാർട്ട് അലേർട്ട് സിസ്റ്റം പ്രവർത്തിക്കുകയും ചെയ്യും.
പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാറിന്‍റെ റേഞ്ച് 680കി.മീറ്ററാണ്. ശുദ്ധോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതിക്ക് അനുകൂലവുമാണ്. യു.എ.ഇയിലെ വ്യത്യസ്ത ഭൂപ്രകൃതികളിൽ ഉപയോഗിക്കാൻ സാധിക്കുന്നതുമാണ് കാറിന്‍റെ രൂപഘടന. എല്ലാ ഭാഗങ്ങളിലേക്കും 10മീറ്റർ ദൂരം വരെയുള്ള ചിത്രങ്ങൾ പകർത്താൻ കാമറകൾക്ക് സാധിക്കും. ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എ.ഐ അടിസ്ഥാനമാക്കിയുള്ള നാല് പദ്ധതികൾ ഐ.സി.പി ജൈടെക്സിൽ പ്രദർശിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

