ഷാർജയിൽ തൊഴിൽപരമായ അപകടങ്ങളിൽ 21.6 ശതമാനം കുറവ്
text_fieldsഷാർജ: തൊഴിലിടങ്ങളിലെ സുരക്ഷ ശക്തമാക്കിയതിനെ തുടർന്ന്, 2026 മൂന്നാം പാദത്തിന്‍റെ അവസാനത്തോടെ ഷാർജയിൽ തൊഴിൽപരമായ അപകടങ്ങളിൽ 21.6 ശതമാനം കുറവുണ്ടായി. ഷാർജ പൊലീസിന്‍റെ ജനറൽ ഡിപാർട്മെന്‍റ് ഓഫ് പ്രിവൻഷൻ ആൻഡ് സേഫ്റ്റിയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. 2025ലെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോഴാണ് അപകടങ്ങളിൽ ഇത്രയും കുറവുണ്ടായത്. അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ വ്യാപകമായി നടപ്പാക്കിയത് തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാനും തൊഴിലിടങ്ങളിലെ സുരക്ഷാ നിലവാരം ഉയർത്താനും സഹായിച്ചു.
അപകടങ്ങളുടെ തീവ്രത കണക്കിലെടുത്താൽ എല്ലാ വിഭാഗങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിസ്സാര പരിക്കുകളിൽ 40.2 ശതമാനവും ഇടത്തരം പരിക്കുകളിൽ 13.3 ശതമാനവും ഗുരുതര പരിക്കുകളിൽ 18.3 ശതമാനവും കുറവുണ്ടായി. പരിശോധനകളും പരിശീലനങ്ങളും ബോധവൽകരണ പ്രവർത്തനങ്ങളും സംയോജിപ്പിച്ച് പ്രവർത്തിച്ചതിന്‍റെ ഫലമാണിതെന്ന് ഡിപാർട്മെന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അഹമ്മദ് സയീദ് അൽ നഊർ വ്യക്തമാക്കി. സ്ഥാപനങ്ങളിലും തൊഴിലാളികളിലും മുൻകരുതൽ സംസ്കാരം വളർത്തിയെടുക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് സിസ്റ്റത്തിന്‍റെ ഭാഗമായി 26,000ത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന 476 പുതിയ സ്ഥാപനങ്ങൾ 2026 മൂന്നാം പാദത്തോടെ രജിസ്റ്റർ ചെയ്തു. ഇതിന് പുറമെ, നിർമാണ, വ്യവസായ മേഖലകളിലായി 795 ഓഡിറ്റുകളും പരിശോധനകളും നടപ്പാക്കി. നിർബന്ധിത പരിശീലന രജിസ്ട്രേഷന് കമ്പനികൾക്ക് മാർഗനിർദേശം നൽകാൻ 1,603 മുൻകൂർ സന്ദർശനങ്ങളും പൂർത്തിയാക്കി.
സുരക്ഷാ ബോധവൽകരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച 29 വർക്ക്‌ഷോപ്പുകളിൽ 14,000ത്തിലധികം പേർ പങ്കെടുത്തു. 49 സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള 105 പ്രതിനിധികൾക്കായി അഞ്ച് പ്രത്യേക കോഴ്‌സുകളും നടത്തി. കൂടാതെ, സലാമ പ്രിവന്‍റിവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴി 406 സ്ഥാപനങ്ങളിൽ നിന്നുള്ള 5,838 തൊഴിലാളികൾക്ക് നിർബന്ധിത സുരക്ഷാ പരിശീലനവും നൽകി.
ദേശീയ ബിസിനസ് കണ്ടിന്യൂയിറ്റി മാനേജ്‌മെന്‍റ് (എൻ.സി.ഇ.എം.എ) മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി ഏഴ് പരിശീലന അഭ്യാസങ്ങൾ സംഘടിപ്പിച്ചു. 1,473 ടീം അംഗങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്തു. 28 സർക്കാർ സ്ഥാപനങ്ങളാണ് ഇതിൽ പങ്കെടുത്തത്. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും സേവനങ്ങൾ തടസ്സമില്ലാതെ കൊണ്ടുപോകാനും ഡിപാർട്മെന്‍റിന്‍റെ സമഗ്ര പ്രവർത്തനങ്ങൾ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

