എട്ടു ലക്ഷം യാത്രക്കാർ; ഒരുക്കം പൂർത്തിയാക്കി ഷാർജ വിമാനത്താവളം
text_fieldsഷാർജ: വേനലവധിയുടെ ആദ്യദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ എല്ലാ ഒരുക്കവും പൂർത്തിയാക്കി ഷാർജ വിമാനത്താവളം. ജൂലൈ ഒന്നുമുതൽ 15വരെയുള്ള ദിവസങ്ങളിൽ മാത്രം എട്ടു ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോവുക.എല്ലാ യാത്രക്കാർക്കും എളുപ്പത്തിലും പ്രയാസരഹിതവുമായ യാത്ര ഉറപ്പാക്കാൻ സമഗ്രമായ ആസൂത്രണം പൂർത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ വകുപ്പുകളുമായും പങ്കാളികളുമായും ചേർന്ന് ഏറ്റവും മികച്ച കാര്യക്ഷമതയും സൗകര്യവും ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിച്ചതായി ഷാർജ വിമാനത്താവള അതോറിറ്റി അറിയിച്ചു. 24 മണിക്കൂറും പ്രവർത്തന സജ്ജരായ ജീവനക്കാരും ഉപഭോക്തൃ സേവന വിഭാഗവും യാത്രക്കാർക്ക് സേവനം ചെയ്യും. യാത്രക്കാരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും സ്മാർട് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് നിർദേശം നൽകാനും ജീവനക്കാരെ സജ്ജമാക്കും.
തിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ മൂന്ന് മണിക്കൂർ നേരത്തേ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും യാത്രക്ക് മുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. വിമാനത്തിന്റെ സമയവും പുതുക്കിയ വിവരങ്ങളും വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രക്കാർ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കേറുന്ന സാഹചര്യത്തിൽ ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ സ്കൂളുകൾക്ക് വേനലവധി ആരംഭിച്ചതോടെ കുടുംബമായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതും വിവിധ രാജ്യങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്നവരുടെയും തിരക്കാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് വിമാനക്കമ്പനിയും തിരക്ക് പരിഗണിച്ച് നേരത്തേ വിമാനത്താവളത്തിൽ എത്തിച്ചേരാൻ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവിസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണമെനും അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

