റോഡിൽ അഭ്യാസം: ഡ്രൈവർ അറസ്റ്റിൽ
text_fieldsദുബൈ പൊലീസ് പിടികൂടിയ കാർ
ദുബൈ: ഷോൾഡർ റോഡിലൂടെ അമിത വേഗത്തിൽ അഭ്യാസപ്രകടനം നടത്തിയ കാർ ഡ്രൈവർ ദുബൈ പൊലീസ് പിടിയിൽ. ഏഷ്യൻ വംശജനാണ് പിടിയിലായത്. അഭ്യാസപ്രകടനങ്ങളുടെ വിഡിയോ ഇയാൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ച ദുബൈ പൊലീസിന്റെ പട്രോൾ സംഘം അന്വേഷണം നടത്തുകയും പ്രതിയെ ഉടൻ പിടികൂടുകയുമായിരുന്നു. നിയമലംഘനം നടത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം തിരികെ ലഭിക്കണമെങ്കിൽ 50,000 ദിർഹം പിഴ അടക്കണം.
ആംബുലൻസ് ഉൾപ്പെടെ എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാനുള്ളതാണ് ഷോൾഡർ റോഡ്. ഈ റോഡിലൂടെ മറ്റു വാഹനങ്ങൾ കടന്നുപോകുന്നത് ട്രാഫിക് നിയമപ്രകാരം ശിക്ഷാർഹമാണ്. എന്നാൽ, അമിത വേഗത്തിലെത്തിയ പ്രതി മറ്റു വാഹനങ്ങളെ മറികടക്കുകയും ഷോൾഡർ റോഡിലൂടെ ഓടിച്ചുപോവുകയുമായിരുന്നു. ഇത് സ്വന്തം ജീവനും മറ്റു റോഡ് ഉപഭോക്താക്കളുടെ ജീവനും അപകടത്തിൽപ്പെടുത്തുന്ന നടപടിയാണെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. അഭ്യാസപ്രകടനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിലൂടെ മറ്റുള്ളവരെയും ഇത് പിന്തുടരാൻ പ്രേരിപ്പിക്കുമെന്നും ട്രാഫിക് അപകടങ്ങൾക്ക് ഇത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവർമാരുടെ അപകടകരമായ ഇത്തരം പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’യിൽ റിപ്പോർട്ട് ചെയ്യാം. അല്ലെങ്കിൽ ‘വി ആർ ഓൾ പൊലീസ്’ ഹോട്ട്ലൈൻ നമ്പറായ 901ലും വിളിച്ചറിയിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

