ആരോഗ്യരക്ഷ നിർദേശങ്ങളുമായി അധികൃതർ
text_fieldsദുബൈ: റമദാൻ ആരംഭിച്ച പശ്ചാത്തലത്തിൽ താമസക്കാരുടെ ആരോഗ്യവും ക്ഷേമവും നിലനിർത്താൻ സഹായിക്കുന്ന നിർദേശങ്ങളുമായി അധികൃതർ. ദുബൈ ഹെൽത്ത് അതോറിറ്റിയും(ഡി.എച്ച്.എ) ദുബൈ മുനിസിപ്പാലിറ്റിയുമാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഉറക്കം, വ്യായാമം എന്നിവ മുതൽ ശ്രദ്ധാപൂർവമായ ഭക്ഷണക്രമവും ജലാംശവും വരെ ശ്രദ്ധിക്കാനും റമദാൻ സന്തോഷകരമാക്കാനുമാണ് നിർദേശങ്ങളിൽ ആവശ്യപ്പെടുന്നത്. ആരോഗ്യകരമായ റമദാൻ മാസത്തിനായി നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ സോഷ്യൽ മീഡിയയിലൂടെ താമസക്കാരോട് അഭ്യർഥിച്ചു. റമദാനിൽ ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും പ്രത്യേകമായി ഹെൽത്ത് അതോറിറ്റി എക്സ് അക്കൗണ്ടിലൂടെ അറിയിക്കുന്നുണ്ട്.
ഉറങ്ങേണ്ടത് എത്ര സമയം?
ഊർജനില നിലനിർത്തുന്നതിന് മതിയായ വിശ്രമം ആവശ്യമായതിനാൽ, സുഹൂറിന് ഉണരുന്നതിന് മുമ്പ് കുറഞ്ഞത് നാല് മണിക്കൂറെങ്കിലും ഉറങ്ങാൻ ഹെൽത്ത് അതോറിറ്റി നിർദേശിക്കുന്നുണ്ട്. മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്താൻ ഗുണനിലവാരമുള്ള ഉറക്കത്തിന് മുൻഗണന നൽകണമെന്ന് മുനിസിപ്പാലിറ്റിയും നിർദേശത്തിൽ പറയുന്നു.
എത്ര സമയം വ്യായാമം?
റമദനിൽ ഓരോ ദിവസവും 30 മിനിറ്റെങ്കിലും മിതമായ രീതിയിലുള്ള വ്യായാമം ശീലമാക്കണമെന്ന് ദുബൈ മുനിസിപ്പാലിറ്റി നിർദേശിക്കുന്നു. ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇഫ്താറിന് ഒരു മണിക്കൂർ മുമ്പ് ഒരു മണിക്കൂർ വ്യായാമമാണ് ഹെൽത്ത് അതോറിറ്റി നിർദേശിക്കുന്നത്. എന്നാൽ വെയിലത്തോ ചൂടുള്ള സ്ഥലത്തോ വ്യായാമം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിർജലീകരണത്തിന് കാരണമാകുമെന്നതിനാലാണിത്.
എന്താണ് ഭക്ഷിക്കേണ്ടത്?
വൈറ്റമിൻ ഇ അടങ്ങിയ ജലാംശമുള്ള വസ്തുക്കൾ, മത്സ്യം, പരിപ്പ് എന്നിവ നല്ല രീതിയിൽ കഴിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നത്. അതേസമയം രാത്രിയിൽ കൂടുതലായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ഉറക്കത്തിന് തൊട്ടുമുമ്പ് കൂടുതലായി ഭക്ഷണം കഴിച്ചാൽ ഉറക്കം അസ്വസ്ഥപ്പെടാനും നെഞ്ചെരിച്ചിലിനും കാരണമാകും. കൊഴുപ്പുള്ള ഭക്ഷണവും ശീതള പാനീയങ്ങളും കൂടുതലാകുന്നത് ഒഴിവാക്കണം. നോമ്പെടുക്കുന്നവർ സന്തുലിതമായ ഭക്ഷണക്രമം പാലിക്കണെമന്നും ഫാസ്റ്റ് ഫുഡ്, കൊഴുപ്പ്, മധുരം എന്നിവ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണമെന്നും മുനിസിപ്പാലിറ്റി നിർദേശിക്കുന്നു.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്
കുട്ടികളിൽ, പ്രത്യേകിച്ച് ഒമ്പത് വയസ്സിൽ കുറഞ്ഞ കുട്ടികൾക്ക് ഘട്ടംഘട്ടമായി നോമ്പ് പരിശീലിപ്പിക്കണമെന്ന് ഹെൽത്ത് അതോറിറ്റി നിർദേശിക്കുന്നു. ഒമ്പത് വയസ്സിൽ കുറഞ്ഞ കുട്ടികൾ എല്ലാ നോമ്പും എടുക്കുന്നതിന് തിടുക്കം കൂട്ടേണ്ടതില്ലെന്നും അതോറിറ്റി രക്ഷിതാക്കളോട് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

