എണ്ണയിതര മേഖലയിലെ കുതിപ്പ്; സാമ്പത്തികരംഗത്ത് മൂന്നുശതമാനം വളര്‍ച്ച
text_fieldsഅബൂദബി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യു.എ.ഇയുടെ സാമ്പത്തിക രംഗത്ത് മൂന്നു ശതമാനം വളര്‍ച്ച. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി) 48,500 കോടി ദിര്‍ഹമിലെത്തി. സാമ്പത്തിക നയങ്ങളുടെ വിജയത്തോടെ എണ്ണയിതര ജി.ഡി.പി 4.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ ദേശീയ സാമ്പത്തിക രംഗത്ത് എണ്ണയിതര മേഖലയുടെ സംഭാവന 79.4 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 78 ശതമാനമായിരുന്നു.
മേഖലാ തലങ്ങളില്‍ നേരിട്ട ആഗോള വെല്ലുവിളികള്‍ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെ ബാധിച്ചില്ലെന്ന് ഫെഡറല്‍ കോമ്പറ്റിറ്റീവ്നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ‘വീ ദി യു.എ.ഇ 2031’ കാഴ്ചപ്പാടിന് കരുത്തു പകര്‍ന്ന് സാമ്പത്തിക രംഗത്തിന്റെ വലുപ്പം മൂന്ന് ട്രില്യണ്‍ ദിര്‍ഹമായി വര്‍ധിപ്പിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി വ്യക്തമാക്കി. സമഗ്രമായ വികസന നയങ്ങളുടെ ഫലമാണിതെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവിയും കൂട്ടിച്ചേര്‍ത്തു.
ധനകാര്യ മേഖല മുന്നില്‍; നിര്‍മാണത്തിനും നേട്ടം
സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും ഉയര്‍ന്ന മുന്നേറ്റം നടത്തിയത് ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലയാണ് (17.3ശതമാനം). നിർമാണ മേഖല 8.1 ശതമാനവും, ആരോഗ്യ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ 7.7 ശതമാനവും, വിവര സാങ്കേതിക വിദ്യ 5.9 ശതമാനവും, പ്രഫഷനല്‍ സാങ്കേതിക സേവനങ്ങള്‍ 4.9 ശതമാനവും വളര്‍ച്ച കൈവരിച്ചു.
റിയല്‍ എസ്റ്റേറ്റ് (4.8ശതമാനം), പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിഫന്‍സ് (4.5ശതമാനം), ഹോള്‍സെയില്‍ ആന്റ് റീട്ടെയില്‍ ട്രേഡ് (2.6ശതമാനം) എന്നിങ്ങനെ മിക്ക മേഖലകളും മികച്ച സംഭാവന നല്‍കി.
വിദേശവ്യാപാര കയറ്റുമതിയില്‍ 23.9 ശതമാനം വര്‍ധന
വിദേശവ്യാപാര പങ്കാളിത്ത കരാറുകള്‍ (സെപ) സാമ്പത്തിക കുതിപ്പിന് വേഗത കൂട്ടിയതായി വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി അറിയിച്ചു. 2026ന്റെ ആദ്യ പകുതിയില്‍ എണ്ണയിതര വിദേശ കയറ്റുമതിയില്‍ 23.9 ശതമാനത്തിന്റെ വര്‍ധനവോടെ 45,280 കോടി ദിര്‍ഹം കുറിച്ചു. സ്ഥിതിവിവരക്കണക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി, ഫ്രീ സോണുകളെ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ജി.ഡി.പി. പുനപരിശോധന പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

