ശശി തരൂർ റേഡിയോ ഏഷ്യ വാർത്താതാരം
text_fieldsദുബൈ: റേഡിയോ ഏഷ്യ 94.7എഫ്.എമ്മിന്റെ ‘ന്യൂസ് പേഴ്സൻ ഓഫ് ദ ഇയർ-2022’ പുരസ്കാരം ശശി തരൂർ എം.പിക്ക്. കഴിഞ്ഞ ഒമ്പതു വർഷമായി വാർത്തയിലെ പ്രധാന വ്യക്തിത്വങ്ങളെ കണ്ടെത്തുന്ന പരിപാടിയിൽ ഈ വർഷവും ശ്രോതാക്കൾ തിരഞ്ഞെടുത്ത പത്തു പേരിൽ നിന്നും മൂന്നുപേർ അവസാന പട്ടികയിൽ എത്തുകയായിരുന്നു.
ഇതിൽ നിന്നാണ് ശ്രോതാക്കൾ ശശി തരൂരിനെ എസ്.എം.എസ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തരൂരിനെ കൂടാതെ നഞ്ചിയമ്മ, ഇന്ദ്രൻസ് എന്നിവരാണ് അവസാന മൂന്നിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.കെ. ശൈലജ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, അഷ്റഫ് താമരശ്ശേരി തുടങ്ങിയവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. എസ്.എം.എസ് സന്ദേശത്തിലൂടെ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽനിന്നും നറുക്കെടുപ്പിലൂടെ ഒരു ശ്രോതാവിന് 50,000 രൂപ സമ്മാനമായി ലഭിക്കും. യു.എ.ഇയിലെ കാർഗോ കമ്പനിയായ ഈസി കാർഗോയാണ് കാഷ് പ്രൈസ് നൽകുന്നത്.

