യു.എ.ഇയിൽ നിന്ന് പരിമിത സർവിസുകളുമായി കൂടുതൽ വിമാന കമ്പനികൾ
text_fieldsഫ്ലൈറ്റ് ചാർട്ട്
ദുബൈ: വ്യോമ പാത അടച്ചതോടെ ആശങ്കയിലായ പ്രവാസികൾക്ക് യു.എ.ഇയിൽ നിന്ന് കൂടുതൽ വിമാന കമ്പനികൾ പരിമിതമായ സർവിസുകൾ പ്രഖ്യാപിച്ചത് നേരിയ ആശ്വാസമായി.
എമിറേറ്റ്സ്, ഫ്ലൈ ദുബൈ, ഇത്തിഹാദ്, എയർ അറേബ്യ വിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അടിയന്തര സർവിസുകൾക്ക് ഭാഗികമായി തുടക്കമിട്ടതിന് പിന്നാലെ ഇന്ത്യൻ എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളും പരിമിതമായ സർവിസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
മണിക്കൂറിൽ 48 വിമാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ കഴിഞ്ഞ ദിവസം യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതാണ് കൂടുതൽ വിമാന കമ്പനികൾക്ക് സർവിസ് നടത്താൻ വഴിയൊരുങ്ങിയത്. എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് അഞ്ച് മുതൽ ഏഴുവരെ റാസൽഖൈമയിൽ നിന്നും തിരിച്ചും ഡൽഹി, കൊച്ചി, മുംബൈ നഗരങ്ങളിലേക്ക് പ്രത്യേക സർവിസുകൾ നടത്തും. കൊച്ചിയിൽ നിന്ന് വൈകിട്ട് 4.25ന് പുറപ്പെട്ട് 8.55 റാസൽഖൈമയിൽ എത്തും.
9.55ന് റാസൽഖൈമയിൽ നിന്ന് തിരിച്ച് 1.55ന് കൊച്ചിയിൽ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഇത് കൂടാതെ അൽഐനിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. ഇതിന്‍റെ സമയക്രമം അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
ഷെഡ്യൂൾ സർവിസുകളെല്ലാം മാർച്ച് ഒമ്പതുവരെ പൂർണമായും നിർത്തിവെച്ചെങ്കിലും ഇന്ത്യയിൽ നിന്ന് അബൂദബിയിലേക്ക് മാർച്ച് ആറ്, ഏഴ് ദിവസങ്ങളിൽ സർവിസ് നടത്തുമെന്ന് എയർ അറേബ്യയും പ്രഖ്യാപിച്ചിട്ടുണ്ട്.
അഹമ്മദാബാദ്, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ നഗരങ്ങളിലേക്കാണ് സ്പെഷ്യൽ സർവിസ്. യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യൻ യാത്രക്കാർക്കായി സ്പൈസ് ജെറ്റ് മാർച്ച് നാലിനും അഞ്ചിനും ഫുജൈറയിൽ നിന്ന് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്.
ഇതിൽ രണ്ട് സർവീസുകൾ മുംബൈയിലേക്കാണ്. മാർച്ച് നാലു മുതൽ ആകെ 58 വിമാനങ്ങൾ സർവിസുകൾ ആരംഭിക്കുമെന്നാണ് ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നുള്ള വിവരം. ഇതിൽ ഇൻഡിഗോ 30 എണ്ണവും എയർ ഇന്ത്യൻ എക്സ്പ്രസ് 23 എണ്ണവുമായിരിക്കും ഗൾഫ് രാജ്യങ്ങളിലേക്ക് സർവിസ് നടത്തുക.
അതേസമയം, കേരളത്തിലേക്ക് ഉൾപ്പെടെ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് പ്രവാസികൾക്ക് വലിയ വെല്ലുവിളിയാണ്. ഫ്ലൈ ദുബൈ കൊച്ചി, കോഴിക്കോട്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 2850 (71,400 രൂപ) ദിർഹമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
ഡൽഹി, ലക്നോ, കൊൽക്കത്ത, അഹമ്മദാബാദ് നഗരങ്ങളിലേക്ക് 2800 (70200 രൂപ) ദിർഹവും ഈടാക്കുന്നുണ്ട്. ഇതേ സമയം അൽഐൻ-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിൽ 300 (7000 രൂപ) മുതൽ ടിക്കറ്റ് നിരക്ക് കാണിക്കുന്നുണ്ട്.
ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നാലും പരിമിതമായ സർവിസ് ആയതിനാൽ വേഗത്തിൽ വിറ്റുപോകുന്ന അവസ്ഥയുമുണ്ട്. എടുത്ത ടിക്കറ്റുകൾ മാറുന്ന സാഹചര്യങ്ങളിൽ കാൻസൽ ആവാനുള്ള സാധ്യതയും ഏറെയാണെന്ന് ട്രാവൽ ഏജൻസികൾ തന്നെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

