യു.എ.ഇക്ക് നേരെ ഇറാന്‍റെ ഡ്രോൺ ആക്രമണ നീക്കം: അപലപിച്ച് വിദേശകാര്യ മന്ത്രാലയം
text_fieldsഅബൂദബി: ഇറാന്‍റെ ശത്രുതാപരമായ ഡ്രോൺ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം. യു.എ.ഇ സമുദ്രാതിർത്തിക്ക് മുകളിൽ വച്ച് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണനീക്കം തകർക്കുകയായിരുന്നു. തകർത്ത രാജ്യത്തിന്‍റെ പരമാധികാരത്തിനും സുരക്ഷക്കും സ്ഥിരതക്കും മേലുള്ള നഗ്നമായ ലംഘനമാണ് ഈ നീക്കമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുന്ന അപകടകരമായ നീക്കമാണിതെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി.
രാജ്യത്തിന് നേരെ നടന്ന ഈ അധിനിവേശം തികച്ചും അംഗീകരിക്കാനാകാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ശത്രുതാപരമായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമ തത്ത്വങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്‍റെയും ലംഘനമാണ്. പ്രദേശത്തിന്‍റെ സുരക്ഷയെയും സ്ഥിരതയെയും തകരാറിലാക്കുന്ന ഇത്തരം നടപടികൾ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് യു.എ.ഇ പ്രസ്താവിച്ചു.
തങ്ങളുടെ സുരക്ഷക്കും പരമാധികാരത്തിനും എതിരെയുണ്ടാകുന്ന ഒരുവിധ ഭീഷണികളും ഒരു സാഹചര്യത്തിലും സഹിക്കില്ലെന്ന് യു.എ.ഇ കടുത്ത ഭാഷയിൽ ഓർമിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി രാജ്യത്തിന്‍റെ സുരക്ഷ, പരമാധികാരം, ഭൗമാതിർത്തി, പൗരന്മാരുടെയും സന്ദർശകരുടെയും സുരക്ഷിതത്വം എന്നിവ ഉറപ്പാക്കാൻ ശക്തമായ തിരിച്ചടി നൽകാൻ രാജ്യത്തിന് പൂർണവും നിയമപരവുമായ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എല്ലാവിധ നിയമപരവും മാനുഷികവുമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഈ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. ശത്രുതാപരമായ എല്ലാ നടപടികളും അടിയന്തരമായി നിർത്തിവെക്കണമെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഈ ആക്രമണത്തിന്‍റെ പ്രത്യാഘാതങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്ന് കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തിന്‍റെ സമുദ്രാതിർത്തിക്ക് മുകളിൽ വച്ചുതന്നെ ശത്രുതാപരമായ ഡ്രോണിനെ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി സുരക്ഷാ കേന്ദ്രങ്ങൾ ഉറപ്പുനൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഇറാനിയൻ ഡ്രോൺ പ്രതിരോധിച്ച് വ്യോമസേന
ഇറാൻ ഭാഗത്തുനിന്ന് യു.എ.ഇയുടെ സമുദ്രാതിർത്തിക്ക് മുകളിലൂടെ പ്രവേശിച്ച ഡ്രോണിന് നേരെ വ്യോമസേന ശക്തമായി പ്രതികരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏതുതരത്തിലുള്ള ഭീഷണികളെയും നേരിടാൻ സായുധ സേന പൂർണ സജ്ജമായി തുടരുകയാണെന്ന് മന്ത്രാലയം ഉറപ്പുനൽകി. രാജ്യത്തിന്‍റെ വ്യോമാതിർത്തി സുരക്ഷിതമാക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 24 മണിക്കൂറും നിരീക്ഷണം തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
എയർബേസിനു നേരെ മിസൈൽ ആക്രമണ വാർത്ത നിഷേധിച്ച് മന്ത്രാലയം
അൽ മിൻഹാദ് എയർബേസിനു നേരെ മിസൈൽ ആക്രമണമുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ യു.എ.ഇ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഈ വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. യു.എ.ഇയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി, ഏത് ഭീഷണികളെയും നേരിടാൻ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തെ അപലപിച്ച് മറ്റു രാജ്യങ്ങൾ
അബൂദബി: യു.എ.ഇക്കു നേരെ ഇറാൻ വീണ്ടും നടത്തിയ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് മേഖലയിലെ മറ്റു രാജ്യങ്ങൾ. ഈജിപ്ത്, കുവൈത്ത്, ഖത്തർ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇറാൻ ആക്രമണത്തെ അപലപിച്ചത്. തുടർന്നു കൊണ്ടിരിക്കുന്ന ഇത്തരം ആക്രമണങ്ങളിൽ രാജ്യങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. സൗഹൃദ രാജ്യങ്ങളുടെയും അതിലെ ജനങ്ങളുടെയും സുരക്ഷക്ക് ഇവ നേരിട്ട് ഭീഷണിയുയർത്തുന്നുവെന്നും മേഖലയിലെ സ്ഥിരത വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ തകർക്കുന്നതാണെന്നും ഈജിപ്ത് വ്യക്തമാക്കി.
യു.എ.ഇക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങൾ, മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ഭൗമാതിർത്തിയെയും ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യകത എടുത്തുപറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി സമുദ്ര പാതകളിലൂടെയും കടലിടുക്കുകളിലൂടെയും ഉള്ള കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യവും നാവിക സുരക്ഷയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
മേഖലാ സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ സംഘർഷങ്ങൾ വർധിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ സഹോദര രാജ്യങ്ങൾ, ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ചർച്ചകളുടെ മേശയിലേക്ക് മടങ്ങണമെന്നും നിർദേശിച്ചു. കൂടുതൽ വലിയ സംഘർഷത്തിലേക്ക് മേഖല നീങ്ങുന്നത് ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും നയതന്ത്ര ശ്രമങ്ങൾക്ക് അവസരം നൽകണമെന്നും രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

