‘മലബാർ പ്രവാസി’ മാമുക്കോയ പുരസ്കാരം വിനോദ് കോവൂരിന്
text_fieldsവിനോദ് കോവൂർ
ദുബൈ: മലയാള സിനിമയിലെ ഹാസ്യ സമ്രാട്ട് മാമുക്കോയയുടെ സ്മരണാർഥം മലബാർ പ്രവാസി(യു.എ.ഇ) ഏർപ്പെടുത്തിയ അവാർഡ് ചലച്ചിത്ര-സീരിയൽ താരം വിനോദ് കോവൂരിന് സമ്മാനിക്കും. കോഴിക്കോട് കോവൂർ സ്വദേശിയായ അമ്പതുകാരനായ വിനോദ്, എം 80 മൂസ, മറിമായം എന്നീ ടെലിവിഷൻ സീരിയലുകളിലെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും കോഴിക്കോടൻ സംഭാഷണ രീതിയിലൂടെയും ഹാസ്യ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയനാണ്.
മലബാർ പ്രവാസിയുടെ ആഭിമുഖ്യത്തിൽ ജനുവരി 27 ശനിയാഴ്ച ദുബൈ ക്രസൻറ് ഹൈസ്കൂൾ മൈതാനിയിൽ മാമുക്കോയയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ പരിപാടിയിലാണ് പുരസ്കാരം നൽകുകയെന്ന് സംഘാടക സമിതി ഭാരവാഹികളായ ജമീൽ ലത്തീഫ്, മോഹൻ എസ്. വെങ്കിട്ട്, ഹാരിസ് കോസ്മോസ്, മുഹമ്മദ് അലി, മൊയ്തു കുറ്റ്യാടി തുടങ്ങിയവർ അറിയിച്ചു.

