ലുലു എക്സ്ചേഞ്ച് യു.എ.ഇയിൽ നൂറാമത്തെ ശാഖ തുറന്നു
text_fieldsദുബൈ അൽ വർഖയിലെ ക്യൂ 1 മാളിൽ ആരംഭിച്ച ലുലു എക്സ്ചേഞ്ചിന്റെ 100ാമത് ശാഖ ദുബൈയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്യുന്നു. ലുലു ഫിനാൻഷ്യൽ
ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, സി.ഇ.ഒ റിച്ചാർഡ് വാസൻ എന്നിവർ സമീപം
ദുബൈ: പ്രമുഖ സാമ്പത്തിക സേവന ദാതാവായ ലുലു എക്സ്ചേഞ്ച് യു.എ.ഇയിൽ നൂറാമത്തെ ശാഖക്ക് തുടക്കം കുറിച്ചു. ദുബൈ അൽ വർഖയിലെ ക്യൂ 1 മാളിൽ ദുബൈയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, സി.ഇ.ഒ റിച്ചാർഡ് വാസൻ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിൽ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന 314 ശാഖയാണിത്. അവശ്യ സാമ്പത്തിക സേവനങ്ങൾക്ക് നൽകുന്ന പരിഗണനയാണ് ലുലു എക്സ്ചേഞ്ചിന്റെ ശ്രദ്ധേയമായ വളർച്ചക്ക് കാരണമെന്ന് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. യു.എ.ഇയിലെ ചരിത്ര നേട്ടം കൂടുതൽ ഉത്തരവാദിത്തം ഏൽപിക്കുന്നതായും, എല്ലാ മേഖലകളിലും മൂല്യാധിഷ്ഠിത സേവനം നൽകുന്നതിലുള്ള പ്രതിബദ്ധത വ്യക്തമാക്കുകയുമാണെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.
2009ലാണ് ലുലുവിന്റെ ആദ്യ ശാഖ അബൂദബിയിൽ ആരംഭിച്ചത്. കഴിഞ്ഞ 15 വർഷമായി യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലും കമ്പനിക്ക് മികച്ച അടിത്തറയുണ്ടാക്കാനായിട്ടുണ്ട്. 860 ശതകോടി ഡോളറിന് മുകളിലായാണ് കമ്പനിയുടെ ആഗോള പണം അയക്കൽ ഇടപാട്. ഇതിൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ പണം സ്വീകരിക്കുന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ലുലു എക്സ്ചേഞ്ച് വഴി ഈ വർഷം 9.4 ശതകോടി ഡോളർ വിനിമയം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

