ലിറ്റിൽ ഷെഫ് അമ്മൂസ്
text_fieldsസാങ്കേതിവിദ്യയിൽ പുതുതലമുറ വളരെ വേഗത്തിലാണ് വളരുന്നത്. അതിനാൽ ബ്ലോഗർമാരിലും പുതുതലമുറയിലെ അംഗങ്ങളുടെ സാന്നിധ്യം കൂടുതലാണ്. അത്തരമൊരു യൂടൂബറാണ് അസ്ബ മയൂഫ്. 'അമ്മൂസ് കിച്ചൺ' എന്ന തെൻറ സ്വന്തം ചാനലിലൂടെ കെ.ജി വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കി മുതിർന്നവരെയും കുക്കിങും ബേകിങും പഠിപ്പിക്കുകയാണിപ്പോൾ. കോവിഡ് കാലത്ത് സ്കൂളും മറ്റും നിലച്ചപ്പോഴാണ് മറ്റു പലരെയും പോലെ അമ്മൂസും യൂടൂബിൽ പരീക്ഷണം നടത്തുന്നത്.
നാലാം വയസിലായിരുന്നു അത്. ഉമ്മ ലുത്ഫിയയെ അനുകരിച്ചാണ് ആദ്യമായി ചെയ്തത്. അത് പകർത്തി ഉമ്മ ഗൾഫിലെ മലയാളി അമ്മമാരുടെ ഒരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഇത് കണ്ട പലരും വിഡിയോ ചെയ്യുന്നത് തുടരണമെന്ന് ആവശ്യപ്പെട്ടു. ആ ധൈര്യത്തിലാണ് അമ്മൂസ് യൂട്യൂബർ ആകുന്നത്. യൂട്യൂബിലും കുഞ്ഞുകുട്ടിയുടെ കുക്കിങിന് പെട്ടെന്ന് സ്വീകാര്യതയുണ്ടായി. പിന്നീട് ഉമ്മയുടെ സഹായത്തോടെ വ്യത്യസ്ത സ്റ്റോറികൾ ചെയ്യാൻ തുടങ്ങി.
ചെറിയ മക്കൾ ഗെയിമിലും കാർട്ടൂണിലും താൽപര്യം കാണിക്കുേമ്പാൾ അമ്മൂസിന് ഒഴിവു സമയങ്ങളിൽ പുതിയ റെസിപ്പികൾ പഠിക്കാനാണ് താൽപര്യം. ആരും നിർബന്ധിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെ തന്നെയാണ് അമ്മൂസ് ഇതെല്ലാം ചെയ്യുന്നതെന്ന് ഉമ്മ പറയുന്നു. ഇപ്പോൾ കുടുംബ സൗഹൃദത്തിൽ പെട്ട പലരും അമ്മൂസിെൻറ കേക്കിനും മറ്റുമായി പ്രത്യേകം ആവശ്യപ്പെടാറുമുണ്ട്.
മക്കളുടെ താൽപര്യത്തിന് എതിരു നിൽക്കണ്ട എന്നാണ് പിതാവ് മയൂഫ് ദാദിെൻറയും നിലപാട്. അൽ ഐൻ ഇന്ത്യൻ സ്കൂൾ കെ.ജി 2യിലാണ് അമ്മൂസ് പഠിക്കുന്നത്. മലപ്പുറം നിലമ്പൂർ മമ്പാട് സ്വദേശികളായ മയൂഫിനും ലുത്ഫിയക്കും അസ്ബയടക്കം മൂന്നു മക്കളാണ്.