ഇറാന്റെ ആക്രമണം തുടരുന്നു; പുതിയ സുരക്ഷിത വ്യോമ ഇടനാഴികൾ തുറന്ന് യു.എ.ഇ
text_fieldsദുബൈ: ഇറാൻ നടത്തുന്ന ആക്രമണത്തിനെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിത വ്യോമ ഇടനാഴി തുറന്ന് യു.എ.ഇ. വിവിധ ഗൾഫ് രാജ്യങ്ങളുമായി സഹകരിച്ചാണ് മണിക്കൂറിൽ 48 വിമാനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ പുതിയ ഇടനാഴികൾ തുറന്നിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക, ടൂറിസം പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പുവരുത്താനാണ് നടപടിയെന്ന് ചൊവ്വാഴ്ച വൈകീട്ട് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സാമ്പത്തികകാര്യ, ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി വ്യക്തമാക്കി.
പുതിയ ഇടനാഴിയിലൂടെ മാർച്ച് ഒന്നുമുതൽ 60വിമാനങ്ങളിലായി 18,000ത്തോളം യാത്രക്കാർ സഞ്ചരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. അടുത്ത ഘട്ടത്തിൽ ദേശീയ വിമാനക്കമ്പനികൾ 80 സർവീസുകൾകൂടി നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍റെ ആക്രമണങ്ങൾ ന്യായീകരണമില്ലാത്തതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതുമാണെന്ന് വാർത്തസമ്മേളനത്തിൽ സംസാരിച്ച അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി റീം അൽ ഹാശിമി പറഞ്ഞു. അതേസമയം, സംഘർഷത്തിന്റെ വ്യാപനം ആഗ്രഹിക്കുന്നില്ലെന്നും സൈനിക ഇടപെടലുകൾ സ്ഥിരമായ പരിഹാരങ്ങളിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇക്ക് നേരെ ഇതുവരെ ഇറാൻ 186 ബാലിസ്റ്റിക് മിസെലുകളും 812 ഡ്രോണുകളും അയച്ചിട്ടുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. ഇവയിൽ ഒരു ബാലിസ്റ്റിക് മിസൈലും 57ഡ്രോണുകളുമാണ് പ്രതിരോധ സംവിധാനങ്ങൾ ഭേദിച്ച് നിലത്ത് പതിച്ചത്. അതോടൊപ്പം രാജ്യത്തേക്ക് അയച്ച എട്ട് ക്രൂസ് മിസൈലുകളും തകർത്തു. മേഖലയിലെ സംഘർഷം എത്രകാലം നീണ്ടാലും രാജ്യ സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങൾ കൈവശമുണ്ടെന്നും പ്രതിരോധ മന്ത്രാലയം പ്രതിനിധി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആകെ 11 ബാലിസ്റ്റിക് മിസൈലുകളും 123 ഡ്രോണുകളുമാണ് രാജ്യത്ത് വ്യോമപ്രതിരോധ സംവിധാനം ചൊവ്വാഴ്ച തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

