ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് ഇത്തവണയും ഗ്രീൻ സ്കൂൾ അവാർഡ്
text_fieldsഷാർജ പരിസ്ഥിതി മന്ത്രാലയത്തിന്റെ 13ാമത് ഗ്രീൻ സ്കൂൾ അവാർഡ് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ഏറ്റുവാങ്ങുന്നു
ഷാർജ: എമിറേറ്റിലെ പരിസ്ഥിതി വിഭാഗത്തിന്റെ 13ാമത് ഗ്രീൻ സ്കൂൾ അവാർഡിന് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ അർഹരായി. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലേയും ദേശീയ സ്വകാര്യ, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച മത്സരത്തിലാണ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.
യു.എ.ഇയിലെ സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കാളികളായ, ഷാർജ സർക്കാറിന്റെ പരിസ്ഥിതി സംരക്ഷണ വിഭാഗമായ ഇ.പി.എ.എയാണ് (എൻവയൺമെൻറ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി) സുസ്ഥിര വികസനം ലക്ഷ്യമിട്ട് വ്യത്യസ്ത മൽസരങ്ങൾ സംഘടിപ്പിച്ചത്. 13 വിഭാഗങ്ങളിൽ സംഘടിപ്പിച്ച മത്സരത്തിൽ, ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ അധ്യാപകരായ നസീഫ് ജമാൽ, അമ്പിളി പ്രവീൺ, ജന്നാതുൽ ഫിർദൗസ്, ആയിഷ തൻസീഹ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ വികസിപ്പിച്ച ‘നാനോ ക്ലീൻ’ എന്ന പദ്ധതിയാണ് അവാർഡിനർഹമായത്.
‘ശുദ്ധജലം ശുദ്ധ ജീവിതം’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സ്കൂൾ പ്രോജക്ട് സമർപ്പിച്ചത്. എമിറേറ്റ്സ് എൻവയൺമെന്റൽ ഗ്രൂപ് ദേശീയതലത്തിൽ സംഘടിപ്പിച്ച ആർട്ട് ഫ്രം വെയ്സ്റ്റ് മത്സരത്തിൽ കഴിഞ്ഞ ദിവസമാണ് സ്കൂളിന് ഇ.ഇ.ജി കലാപുരസ്കാരം ലഭിച്ചത്. ഷാർജ പരിസ്ഥിതി മന്ത്രാലയത്തിന്റെ അവാർഡും അംഗീകാരവും കരഗതമാക്കിയ വിദ്യാർഥികളെയും അധ്യാപകരെയും പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫാ ആസാദ് തുടങ്ങിയവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

