ഹോപ്പിന്റെ ചൊവ്വയിലെ സാന്നിധ്യം രണ്ടു വർഷം കൂടി നീട്ടിയേക്കും
text_fieldsദുബൈ: യു.എ.ഇയുടെ ആദ്യ ചൊവ്വ പേടകമായ ഹോപ് പ്രോബിന്റെ ചൊവ്വയിലെ സാന്നിധ്യം രണ്ടു വർഷം കൂടി നീട്ടിയേക്കും. ചൊവ്വ ദൗത്യം രണ്ടു വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 ഫെബ്രുവരി ഒമ്പതിനാണ് ഹോപ് പ്രോബ് വിജയകരമായി ചൊവ്വയിലെത്തിയത്. 2023 മധ്യത്തോടെ ദൗത്യം അവസാനിപ്പിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, കൂടുതൽ കണ്ടെത്തലുകൾക്കായി ഒരു ചൊവ്വാ വർഷം കൂടി (രണ്ട് ഭൗമ വർഷം) ചൊവ്വയിൽ തുടരുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.
പേടകം ഇപ്പോഴും പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്നും ദിവസവും ഇതിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ടെന്നും പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടർ സക്കരിയ അൽ ഷംസി പറഞ്ഞു. ദീർഘിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും യു.എ.ഇ സ്പേസ് ഏജൻസിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വയെ കുറിച്ച് കൂടുതൽ അറിവ് പകരുന്ന വിവരങ്ങൾ ഹോപ് കഴിഞ്ഞ ദിവസങ്ങളിലായി ശേഖരിച്ചിരുന്നു. നിരവധി ചിത്രങ്ങളാണ് ഇതുവരെ അയച്ചത്. ഇപ്പോഴും ചിത്രങ്ങൾ പകർത്തി അയക്കുന്നുണ്ട്.
ഹോപ്പിന് പിന്നാലെ ചാന്ദ്രദൗത്യവും വിക്ഷേപിച്ച യു.എ.ഇ പുതിയ ബഹിരാകാശ ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചെലവഴിക്കുന്ന അറബ് പൗരൻ എന്ന വിശേഷണം സ്വന്തമാക്കാൻ സുൽത്താൻ അൽ നിയാദി ഈ മാസം 26ന് ബഹിരാകാശത്തേക്ക് കുതിക്കും. ആറു മാസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷമായിരിക്കും മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

