വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് ആഭ്യന്തര മന്ത്രാലയം
text_fieldsആഭ്യന്തര മന്ത്രാലയം അധികൃതർ പിടികൂടിയ മയക്കുമരുന്നും പ്രതികളും
ദുബൈ: രാജ്യത്ത് വിതരണം ചെയ്യാനായി ശ്രമം നടത്തുന്നതിനിടെ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് യു.എ.ഇ ആഭ്യന്തര മന്ത്രാലയം. രണ്ട് അറബ് പൗരന്മാരുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിലൂടെയാണ് കുറ്റകൃത്യം കണ്ടെത്തിയത്. അന്താരാഷ്ട്ര തലത്തിൽ വേരുകളുള്ള മയക്കുമരുന്ന് കടത്ത്, വിതരണ ശൃംഖലയുടെ ഭാഗമായാണ് പിടിയിലായവർ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുമുണ്ട്.വിദേശത്തുനിന്ന് യു.എ.ഇയിലെ ഒരു തുറമുഖത്തേക്ക് നിരോധിത വസ്തുക്കൾ എത്തിക്കുന്ന പങ്കാളികളുണ്ടെന്ന് പ്രതികൾ അന്വേഷണത്തിൽ സമ്മതിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ മയക്കുമരുന്ന് കടത്തിനായി പ്രത്യേകമായി വിസിറ്റ് വിസയിലാണ് രാജ്യത്ത് എത്തിയത്. മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ സൂത്രധാരൻ രാജ്യത്തിന് പുറത്താണ് താമസിക്കുന്നതെന്നും മുഴുവൻ പ്രവർത്തനത്തിനും ധനസഹായം നൽകുന്നതും കൈകാര്യം ചെയ്യുന്നതും ഈ വ്യക്തിയാണെന്നുമാണ് മൊഴി നൽകിയിട്ടുള്ളത്.
രണ്ട് സ്ഥലങ്ങളിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകൾ പിടിയിലായത്. പരിശോധന നടന്ന ഒരിടം മയക്കുമരുന്ന് സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലമാണ്. ഇവിടെ എത്തിച്ച ഗുളികകൾ രാജ്യത്ത് വിതരണം ചെയ്യാൻ തയാറെടുക്കുകയായിരുന്നു പ്രതികൾ. മറ്റൊരിടത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന എസ്കവേറ്ററിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. രാജ്യത്തിന് പുറത്തുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് അന്താരാഷ്ട്ര സംവിധാനങ്ങളുമായി സഹകരിച്ച് അന്വേഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ സംഘങ്ങൾ അതിർത്തി കടന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിന് അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ദിവസങ്ങൾക്കുമുമ്പ് ഷാർജയിൽ 1.9 കോടി ദിർഹം വിലവരുന്ന 35 ലക്ഷം മയക്കുമരുന്ന് ഗുളികകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഷാർജ-അബൂദബി പൊലീസ് സേനകൾ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഒരു കെട്ടിടത്തിന്റെ ഇഷ്ടിക വിരിച്ച മുറ്റത്തിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഘത്തിലെ നിരവധി പേർ പൊലീസ് പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

