ഗൾഫ് മാധ്യമം ‘ഇന്ത്യൻ ബിസിനസ് ഐക്കൺ അവാർഡ്’ ഡോ. രവി പിള്ളക്ക്
text_fieldsഡോ. രവി പിള്ള
ഷാർജ: വ്യവസായ സേവന രംഗത്ത് സമർപ്പിത വിജയ ഗാഥ രചിച്ച ആർ.പി ഗ്രൂപ് ഓഫ് കമ്പനി ചെയർമാൻ ഡോ. രവി പിള്ളക്ക് ‘ഗൾഫ് മാധ്യമം ഇന്ത്യൻ ബിസിനസ് ഐക്കൺ’ അവാർഡ്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യ രക്ഷാകർതൃത്വത്തിൽ ഷാർജ എക്സ്പോ സെന്‍ററിൽ സംഘടിപ്പിക്കുന്ന ഗൾഫ് മാധ്യമം ‘കമോൺ കേരള’ ഏഴാം എഡിഷനിലാണ് രവി പിള്ളയുടെ മികവിനെ ആദരിക്കാനൊരുങ്ങുന്നത്.
ചടങ്ങിൽ അറബ് പ്രമുഖരും നടൻ മോഹൻലാൽ അടക്കമുള്ളവരും പങ്കെടുക്കും. മേയ് 11 ഞായറാഴ്ചയാണ് പുരസ്‌കാര സമർപ്പണ ചടങ്ങ്. അറേബ്യൻ മണലാരണ്യങ്ങളുടെ ചൂടും കേരളത്തിന്‍റെ കായൽക്കാറ്റും ഒരുപോലെ ഏറ്റ് പടുത്തുയർത്തിയ വ്യവസായ രംഗത്തെയും സാമൂഹിക മേഖലയിലെയും നേട്ടങ്ങളെയും സംഭാവനകളെയും പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്.
1978ൽ സൗദിയിൽ നാസർ എസ്. അൽ ഹജ്രി കോർപറേഷനിലൂടെ (എൻ.എസ്.എച്ച്) ഗൾഫിൽ ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം നിലവിൽ ഓയിൽ ആൻഡ് ഗ്യാസ്, കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി, വിദ്യാഭ്യാസം, ഐ.ടി തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ പരന്നുകിടക്കുന്ന വ്യവസായ സാമ്രാജ്യത്തിനുടമയാണ്. ലോകത്തുടനീളം ഒന്നര ലക്ഷത്തിലേറെ പേർ അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്.
മിഡില്‍ ഈസ്റ്റില്‍ ആധുനിക നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും ആ രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് അടിത്തറ പാകുന്നതിലും വലിയൊരളവില്‍ പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ബിസിനസ് രംഗത്ത് നൽകിയ അവിസ്മരണീയ സംഭാവനകൾ മുൻനിർത്തി കഴിഞ്ഞ വർഷം ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്.
ഇന്ത്യ ഗവൺമെന്റ് പത്മശ്രീ ബഹുമതി നൽകിയും 2010ൽ പ്രവാസി ഭാരതീയ സമ്മാൻ നൽകിയും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അറേബ്യൻ ബിസിനസ് മാഗസിൻ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തനായ നാലാമത്തെ ഇന്ത്യക്കാരനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഫോബ്സ് പട്ടികയിലും ഉന്നത സ്ഥാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദുരിത കാലങ്ങളിലൊക്കെ പ്രത്യാശയുടെ സ്നേഹ കരങ്ങൾ നീട്ടി ചേർത്തു പിടിച്ച അദ്ദേഹത്തെ കേരളക്കര എന്നും സ്നേഹ വായ്പുകൾ നൽകി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.
സാധാരണ കർഷക കുടുംബ പാശ്ചാത്തലത്തിൽ നിന്ന് വളർന്ന് ഇന്ന് ആയിരക്കണക്കിന് പേർക്ക് അന്നദാതാവായി ജീവിതം ധന്യമാക്കുന്ന അപൂർവതക്കും ഡോ. രവി പിള്ള ഉദാഹരണമാണ്. 2075 വരെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ 1500 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാനായി 525 കോടി രൂപയാണ് രവി പിള്ള അക്കാദമി വഴി മാറ്റിവെച്ചത്. അതിൽ 20 ശതമാനം പ്രവാസി കുടുംബങ്ങൾക്കാണെന്നത് മറ്റൊരു പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

