രാജ്യത്ത് വരും വർഷങ്ങളിൽ വളർച്ചക്ക് വേഗമേറും
text_fieldsയു.എ.ഇ സെൻട്രൽ ബാങ്ക്
ദുബൈ: വരുംവർഷങ്ങളിൽ രാജ്യത്തെ സാമ്പത്തിക വളർച്ചക്ക് വേഗമേറുമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക്. എണ്ണയിതര മേഖലയുടെ തുടർച്ചയായ മുന്നേറ്റവും സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരമായ പ്രകടനവും കണക്കിലെടുത്താണ് മികച്ച മുന്നേറ്റം പ്രവചിക്കുന്നത്. 2024ലെ സാമ്പത്തിക സുസ്ഥിരത റിപ്പോർട്ട് പ്രകാരം യു.എ.ഇയുടെ മൊത്ത ആഭ്യന്തര ഉൽപാദനം ഈ വർഷം 4.4 ശതമാനം വളർച്ച നേടും. ഇത് 2026ൽ 5.4 ശതമാനം വളർച്ചയായി വികസിക്കുകയും ചെയ്യും. 2024ൽ വളർച്ച നാല് ശതമാനം മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
വർഷാവർഷങ്ങളിൽ വളരെ വേഗത്തിൽ വളർച്ചയുണ്ടാകുന്നത് സാമ്പത്തിക മേഖലയുടെ വൈവിധ്യവത്കരണത്തിന്റെയും രാജ്യത്തെ സാമ്പത്തിക, ബാങ്കിങ് സംവിധാനങ്ങളുടെ ശക്തിയെയും അടയാളപ്പെടുത്തുന്നതാണ്. റിപ്പോർട്ട് പ്രകാരം യു.എ.ഇയിലെ ബാങ്കിങ് മേഖല നല്ല മൂലധനവും മെച്ചപ്പെട്ട ആസ്തി ഗുണനിലവാരവമുള്ള നിലയിലാണുള്ളത്. ഇത് തുടർച്ചയായ വികസനത്തെ സഹായിക്കും.
2024ലെ സാമ്പത്തിക സ്ഥിരതയെക്കുറിച്ചും സാമ്പത്തിക വിപണി സാഹചര്യങ്ങളെക്കുറിച്ചുമുള്ള സെൻട്രൽ ബാങ്കിന്റെ വിശകലനം അനുസരിച്ച്, പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ആഘാതങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി സാമ്പത്തിക മേഖല നിലനിർത്തുന്നുണ്ട്.ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ അധ്യക്ഷനായ യു.എ.ഇ ഫിനാൻഷ്യൽ സ്റ്റബിലിറ്റി കൗൺസിലിന്റെ പ്രവർത്തനങ്ങൾ സാമ്പത്തിക വകുപ്പുകൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൽ നാഴികക്കല്ലായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അപകടങ്ങൾ മുൻകൂട്ടി കാണാനും ഉയർന്നുവരുന്ന മാക്രോ-ഫിനാൻഷ്യൽ വെല്ലുവിളികളെ നേരിടാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനും കൗൺസിലിന് സാധിച്ചിട്ടുണ്ട്.
ഇൻഷുറൻസ്, ധനകാര്യ കമ്പനികൾ, എക്സ്ചേഞ്ച് ഹൗസുകൾ എന്നിവയുൾപ്പെടെയുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ മേഖലയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഇൻഷുറൻസ് മേഖല മൊത്ത റിട്ടേൺ പ്രീമിയങ്ങളിൽ 21.4 ശതമാനം വളർച്ച രേഖപ്പെടുത്തി 64.8 ശതകോടി ദിർഹമിലെത്തി. 2024ൽ ധനകാര്യ സേവനങ്ങളിലെ ഡിജിറ്റൽ പരിവർത്തനവും അതിവേഗത്തിലായിട്ടുണ്ട്.
ഫിൻടെക് സംവിധാനങ്ങൾ സ്വീകരിക്കൽ, ഡിജിറ്റൽ പേമെന്റുകൾ, എ.ഐ സാങ്കേതിക വിദ്യയുടെ സംയോജനം, ഡേറ്റ അനലിറ്റിക്സ് എന്നീ മേഖലകളിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. ‘ജയ്വാൻ’ കാർഡ് ആരംഭിച്ചതും, ‘ആനി’ ഇൻസ്റ്റന്റ് പേമെന്റ് പ്ലാറ്റ്ഫോമിന്റെ വ്യാപകമായ സ്വീകാര്യതയും, ഡിജിറ്റൽ ദിർഹം സംരംഭത്തിന്റെ പുരോഗതിയും നേട്ടങ്ങളിൽ ഉൾപ്പെടും. ആഗോളതലത്തിൽ അപകടസാധ്യത വർധിച്ചുവരുന്നതിനിടയിലും 2024ൽ യു.എ.ഇ ശക്തമായ സാമ്പത്തിക വളർച്ച നിലനിർത്തിയെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

