ക്ലിനിക്കൽ സ്കിൽസ് ആൻഡ് സിമുലേഷൻ സെന്റർ ശൃംഖലയുമായി ജി.എം.യു
text_fieldsതുമ്പേ ഗ്രൂപ്പിന്റെ ഭാഗമായ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ സംയോജിത ക്ലിനിക്കൽ സ്കിൽസ് ആൻഡ് സിമുലേഷൻ സെന്റർ ശൃംഖല ഉദ്ഘാടനചടങ്ങ്
ദുബൈ: മേഖലയിലെ ഏറ്റവും വലിയ സംയോജിത ക്ലിനിക്കൽ സ്കിൽസ് ആൻഡ് സിമുലേഷൻ സെന്ററുകളുടെ ശൃംഖല ഉദ്ഘാടനം ചെയ്ത് തുമ്പേ ഗ്രൂപ്പിന്റെ ഭാഗമായ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (ജി.എം.യു). ജി.എം.യുവിന്റെ അജ്മാൻ കാമ്പസിൽ ആറ് പ്രത്യേക പരിശീലന സൗകര്യങ്ങളാണ് ഇതിലൂടെ ഒരു മേൽക്കൂരക്ക് കീഴിൽ വരുന്നത്. മെഡിസിൻ, ഡെന്റിസ്ട്രി, ഫാർമസി, ഫിസിയോതെറാപ്പി, അലൈഡ് സയൻസസ് എന്നിവയിലെ വിദ്യാർഥികൾക്ക് ഒരു ഇടത്തിൽ പരിശീലനം നേടാൻ കഴിയും.
തുമ്പേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ സിമുലേഷൻ, തുമ്പേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർജിക്കൽ സ്കിൽസ്, തുമ്പേ ഡെന്റൽ സിമുലേഷൻ, തുമ്പേ ഫാർമസി പ്രാക്ടീസ് ലാബ് (സിമുലേഷൻ), തുമ്പേ ഫിസിയോതെറാപ്പി സ്കിൽസ് ട്രെയിനിങ് ലാബ്, തുമ്പേ വെറ്ററിനറി ക്ലിനിക്കൽ സ്കിൽസ് ലാബ്, തുമ്പേ സിമുലേഷൻ സെന്റർ ദുബൈ എന്നിവ ഈ ശൃംഖലയിൽ ഉൾപ്പെടുന്നു. വിദ്യാർഥിയുടെ ആദ്യ തുടക്കം മുതൽ അടിയന്തിര ഘട്ടങ്ങളിലെ മോക്ക് ഡ്രില്ലുകൾ വരെയുള്ള ആരോഗ്യ സംരക്ഷണ പരിശീലനത്തിന്റെ മുഴുവൻ ഘട്ടങ്ങളെയും ഒരുമിപ്പിക്കാൻ ഈ കേന്ദ്രങ്ങൾക്ക് കഴിയും.
ക്യു.എസ് ഇന്ത്യ ചെയർമാൻ ഡോ. അശ്വിൻ ഫെർണാണ്ടസ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. തുമ്പേ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുമ്പേ മൊയ്തീൻ, ഡീൻമാർ, മറ്റ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. അശ്വിൻ ഫെർണാണ്ടസ് ജി.എം.യു ഫാക്കൽറ്റികൾക്കും സീനിയർ ലീഡർഷിപ്പിനുമായി ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിനെ സംബന്ധിച്ച പ്രത്യേക വർക്ക്‌ഷോപ്പ് നടത്തി. ജി.എം.യു ആറ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച ഇക്കോസിസ്റ്റം ഒരുക്കിയത് ബിരുദം നേടി പുറത്തിറങ്ങുന്ന ഡോക്ടർമാരുടെ നിലവാരം ഉയർത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലിനിക്കൽ സ്കിൽസ് ആൻഡ് സിമുലേഷൻ സെന്റർ ശൃംഖല, വിവിധ പ്രോഗ്രാമുകൾ, ഫാക്കൽറ്റികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും മറ്റും gmu.ac.ae എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 1998-ൽ സ്ഥാപിതമായതും തുമ്പേ ഗ്രൂപ്പിന്റെ ഭാഗവുമായ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി യു.എ.ഇയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ, ഹെൽത്ത് സയൻസ് സർവകലാശാലയാണ്. ജി.എം.യു മെഡിസിൻ, ഡെന്റിസ്ട്രി, ഫാർമസി, ഹെൽത്ത് സയൻസസ്, നഴ്സിങ് എന്നിവയിലുടനീളം ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

