എമിറേറ്റ്സ് പാര്‍ക്ക് മൃഗശാലയിലേക്ക് സൗജന്യ ബസ് യാത്ര
text_fieldsഅബൂദബി എമിറേറ്റ്സ് പാര്‍ക്ക് സൂവിലേക്ക് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്ന സൗജന്യമായി യാത്രാ പദ്ധതി പ്രഖ്യാപിക്കുന്ന ചടങ്ങ്
അബൂദബി: എമിറേറ്റ്സ് പാര്‍ക്ക് മൃഗശാലയിലേക്ക് സന്ദര്‍ശകര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി അല്‍ വഹ്ദ മാളുമായി സഹകരിച്ച് സൗജന്യ ബസ് സര്‍വിസ് ആരംഭിച്ചു. കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മൃഗശാല സന്ദര്‍ശനം കൂടുതല്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം.
സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തവര്‍ക്കും സന്ദർശന വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നവര്ക്കുമെല്ലാം സൗജന്യ യാത്ര ഏറെ ഗുണകരമാവും. അല്‍ വഹ്ദ മാളില്‍ നിന്ന് എമിറേറ്റ്സ് പാര്‍ക്ക് മൃഗശാലയിലേക്ക് ഒരു വര്‍ഷത്തേക്കാണ് സൗജന്യ ബസ് സര്‍വിസ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ബസ് സര്‍വിസ്. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മണി, വൈകീട്ട് അഞ്ച് എന്നീ സമയങ്ങളില്‍ അല്‍ വഹ്ദ മാളില്‍ നിന്ന് ബസ് പുറപ്പെടും. തിരിച്ച് സൂവില്‍ നിന്ന് വൈകീട്ട് നാല്, രാത്രി എട്ട് എന്നീ സമയങ്ങളില്‍ തിരിക്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് ഒന്ന്, വൈകീട്ട് 4.30 എന്നീ സമയങ്ങളില്‍ മാളില്‍ നിന്നും സൂവിലേക്ക് സർവിസുണ്ടാകും. വൈകീട്ട് നാല്, രാത്രി എട്ട് എന്നീ സമയങ്ങളിലാണ് സൂവില്‍ നിന്നുള്ള മടക്കയാത്ര. സൗജന്യ ബസ് യാത്ര ഒരുക്കുന്നതിനുള്ള പദ്ധതിക്ക് അബൂദബി എമിറേറ്റ്സ് പാര്‍ക്ക് സൂ, അല്‍ വഹ്ദ മാള്‍ അധികൃതര്‍ കരാര്‍ ഒപ്പിട്ടു. സൗജന്യ ബസ് സര്‍വിസ് ആരംഭിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് പാര്‍ക്ക് സൂവിലേക്ക് വരാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുമെന്നും ഇത് കൂടുതല്‍ ആളുകള്‍ക്ക് പ്രോത്സാഹനമാകുമെന്നും എമിറേറ്റ്സ് പാര്‍ക്ക് സൂ ഓപറേഷന്‍സ് ഡയറക്ടര്‍ സഈദ് അല്‍ അമീന് പറഞ്ഞു. സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനും കുടുംബ സൗഹൃദ വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സൗകര്യമൊരുക്കുന്നതെന്ന് അല്‍ വഹ്ദ മാള്‍ ജനറല്‍ മാനേജര്‍ മയങ്ക് എം.പാലും അറിയിച്ചു. ഈ പങ്കാളിത്തത്തിലൂടെ വാരാന്ത്യങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

