‘ഫെമിനിച്ചി ഫാത്തിമ’യുടെ നേട്ടത്തിൽ പ്രവാസികൾക്കും ആഹ്ലാദം
text_fieldsഷംല ഹംസ
ദുബൈ: സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ യു.എ.ഇയിലെ പ്രവാസികൾക്കും അഭിമാനനിമിഷം. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഷംല ഹംസയും കുടുംബവും വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയാണ്. സിനിമ രംഗത്തേക്ക് പ്രവേശിക്കാൻ ഷംലക്ക് അവസരം തുറന്നത് പ്രവാസജീവിതമായിരുന്നു. അവാർഡിന് കാരണമായ ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച രണ്ടാമത്തെ സിനിമ പുരസ്കാരവും നേടിയിട്ടുണ്ട്.
സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരിൽ പലരും യു.എ.ഇയിൽ പ്രവാസികളാണ്. പ്രവാസിയായ സംവിധായകൻ താമറിന്‍റെ ‘ആയിരത്തൊന്ന് നുണകൾ’ എന്ന സിനിമയിലാണ് ഷംല ഹംസ ആദ്യമായി അഭിനയിക്കുന്നത്. ‘ഫെമിനിച്ചി ഫാത്തിമ’യുടെ നിർമാതാവും കൂടിയാണ് താമർ. ‘ആയിരത്തൊന്ന് നുണകളി’ലെ കൂട്ടുകെട്ടാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമക്ക് വഴിതുറക്കുന്നത്.
‘ആയിരത്തൊന്ന് നുണകൾ’ സിനിമയുടെ അണിയറ ശിൽപികളും താരങ്ങളും ചിത്രീകരണവേളയിൽ അജ്മാനിൽ. ഷംല ഹംസ അടക്കമുള്ളവരെ ചിത്രത്തിൽ കാണാം
യു.എ.ഇയിൽ വെച്ച് പ്രവാസികളായ നടീനടൻമാരെ ഓഡീഷനിലൂടെ തെരഞ്ഞെടുത്താണ് ‘ആയിരത്തൊന്ന് നുണകൾ’ രൂപപ്പെടുത്തുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ സലീം അഹമ്മദിന്‍റെ നേതൃത്വത്തിൽ അഡ്വ. ഹാഷിക് തൈക്കണ്ടി, സുധീഷ് ടി.പി എന്നിവർ ചേർന്നാണ് സിനിമയുടെ ഓഡീഷൻ നടന്നത്. വളരെ വേഗത്തിൽ കാര്യങ്ങൾ ഗ്രഹിക്കുകയും കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകൃതമാണ് ഷംലക്ക് സിനിമയിൽ അവസരം നൽകാൻ കാരണമായതെന്ന് ഹാഷിക് തൈക്കണ്ടി ഓർത്തെടുത്തു. നേരത്തെ തന്നെ ഗായികയും എഴുത്തുകാരിയും എന്ന നിലയിൽ ഷംല ഹംസ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഷംലയുടെ പിതാവ് നാടക നടനാണെന്ന പശ്ചാത്തലവുമുണ്ടായിരുന്നു. താമറിന് പുറമെ ‘ആയിരത്തൊന്ന് നുണക’ളുടെ ഭാഗമായിരുന്ന സുധീഷ് സ്കറിയ, ഫാസിൽ മുഹമ്മദ് എന്നിവരും ‘ഫെമിനിച്ചി ഫാത്തിമ’യുടെ ഭാഗമായിരുന്നു. പ്രവാസിയായ ഒരു കലാകാരിക്ക് സംസ്ഥാനത്തെ സുപ്രധാന അവാർഡ് ലഭിക്കുമ്പോൾ ആദ്യ ചിത്രത്തിന്‍റെ അണിയറ ശിൽപികളെന്ന നിലയിൽ വലിയ ആഹ്ലാദമുണ്ടെന്ന് ഹാഷിക് തൈക്കണ്ടി പറഞ്ഞു. പ്രവാസ ഭൂമികയിൽ നിന്ന് അവസരം ലഭിക്കാത്ത നിരവധി കലാകാരൻമാർക്ക് പ്രചോദനം പകരുന്നതാണ് ഷംലയുടെ നേട്ടമെന്നും, അതിരുകൾക്കപ്പുറം സിനിമക്ക് വളക്കൂളുള്ള മണ്ണാണ് യു.എ.ഇയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷംല ഭർത്താവ് മുഹമ്മദ് സാലിഹും മകൾ ലസിനുമൊപ്പം നാട്ടിലാണിപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

