മാളുകളിൽ വ്യായാമം; ‘ദുബൈ മാളത്തണി’ന് തുടക്കം
text_fieldsദുബൈ മാളത്തൺ
ദുബൈ: കടുത്ത വേനൽചൂടിൽ വ്യായാമം മുടങ്ങാതിരിക്കാൻ പ്രഖ്യാപിച്ച നൂതന സംരംഭമായ ‘ദുബൈ മാളത്തൺ’ വെള്ളിയാഴ്ച ആരംഭിച്ചു. പദ്ധതിയുടെ ആദ്യദിനത്തിൽ നഗരത്തിലെ പ്രധാനപ്പെട്ട ഒമ്പത് മാളുകളിൽ ഒരുക്കിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നിരവധിപേർ വ്യായാമം ചെയ്തു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് സംരംഭം പ്രഖ്യാപിച്ചത്. ആഗസ്റ്റ് മാസത്തിൽ രാവിലെ 7മുതൽ 10വരെയാണ് മാളുകളിൽ വ്യായാമത്തിന് വേദിയൊരുക്കുന്നത്. ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്‍റർ ദേര, സിറ്റി സെന്‍റർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്സ്, ദുദൈ മറീന മാൾ, ദ സപ്രിങ്സ് സൂഖ്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ഫെസ്റ്റിവൽ പ്ലാസ എന്നിവിടങ്ങളിലാണ് വേദിയൊരുങ്ങിയിട്ടുള്ളത്.
പ്രതിരോധ മന്ത്രാലയം ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന സംരംഭം, യുവാക്കൾ, മുതിർന്ന പൗരന്മാർ, താമസക്കാർ, കുട്ടികൾ, ഷോപ്പിങ് മാൾ ജീവനക്കാർ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വച്ചുള്ളതാണ്. യു.എ.ഇയുടെ സാമൂഹിക വർഷാചരത്തിന്റെയും ദുബൈ സോഷ്യൽ അജണ്ട 33, ദുബൈ ജീവിത നിലവാര നയം 33 എന്നിവയുടെയും ലക്ഷ്യങ്ങളുമായി ചേർന്നാണ് സംരംഭം നടപ്പിലാക്കുന്നത്. ശൈഖ് ഹംദാന്‍റെ ആഹ്വാനത്തിൽ എല്ലാ വർഷവും ശൈത്യകാലത്ത് ദുബൈയിൽ നടന്നുവരുന്ന ദുബൈ ഫിറ്റ്നസ് ചാലഞ്ചിൽ ലക്ഷക്കണക്കിന് താമസക്കാരാണ് പങ്കെടുക്കാറുള്ളത്.
ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എമിറേറ്റിലെ മാളുകളുമായി സഹകരിച്ച് ‘വാക്ക് ഫോർ ബെറ്റർ ഹെൽത്ത്’ പരിപാടിയും സംരംഭത്തിന്റെ ഭാഗമായി ഒരുക്കും. മാളത്തോണിൽ പങ്കെടുക്കുന്നത് സൗജന്യമാണ്. www.dubaimallathon.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

