ദിവസവും അരമണിക്കൂർ വ്യായാമം; ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം
text_fieldsഫിറ്റ്നസ് ചലഞ്ചിന്റെ ആദ്യദിനത്തിൽ ശൈഖ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ദൃശ്യം
ദുബൈ: ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശവുമായി ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദീർഘമായി റോഡിൽ സൈക്ലിങ് നടത്തിയാണ് ചലഞ്ചിന്റെ ആദ്യദിനം അടയാളപ്പെടുത്തിയത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ആദ്യദിനമെന്ന് വ്യക്തമാക്കി ശനിയാഴ്ച സൈക്ലിങ് വിവരങ്ങൾ ശൈഖ് ഹംദാനാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ആരോഗ്യ സംരക്ഷണത്തിനൊപ്പം സൗഹൃദവും വിനോദവും ഒത്തുചേരുന്ന വാർഷിക പരിപാടിയായി ചലഞ്ച് ഇതിനകം മാറിയിട്ടുണ്ട്. ഈ വർഷം നവംബർ ഒന്നു മുതൽ 30 വരെയാണ് പരിപാടി നടക്കുന്നത്. 2017ലാണ് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ശൈഖ് ഹംദാൻ ആഹ്വാനം ചെയ്യുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വേറിട്ട പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരുമാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് സമയം വ്യായാമത്തിന് ചെലവിടുക എന്നതാണ് ചലഞ്ചിന്റെ രീതി.
ഈ കാലയളവിനിടയിൽ ദുബൈ റൈഡ്, ദുബൈ റൺ അടക്കം വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ചലഞ്ചിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടക്കാറുണ്ട്.
ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫിറ്റ്നസിന് പ്രാധാന്യം നൽകിക്കൊണ്ട് ആഗസ്റ്റ് മാസത്തിൽ നഗരത്തിലെ മാളുകളിൽ വ്യായാമത്തിന് ‘മാളത്തൺ’ സംരംഭവും ഇത്തവണ ഒരുക്കിയിരുന്നു. ഇത് ഇത്തവണ 40,000ത്തിലേറെ പേർ ഉപയോഗപ്പെടുത്തിയിരുന്നു. ഈ വർഷം ആദ്യമായി ആരംഭിച്ച സംരംഭം അടുത്ത വർഷം മുതൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസം തുടർച്ചയായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. വേനൽക്കാലത്ത് പുറത്തിറങ്ങി വ്യായാമം ചെയ്യുന്നതിനുള്ള പ്രയാസം ലഘൂകരിക്കുന്ന സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ആദ്യദിനം മുതൽ ലഭിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

