പുതിയ വിമാനത്താവളം; പ്രവർത്തനം മാറ്റാൻ ഒറ്റ രാത്രി മതിയെന്ന് എമിറേറ്റ്സ് എയർലൈൻ
text_fieldsഫോർസടെക് പ്രദർശനം എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് ചീഫ് ചെയർമാനും എക്സിക്യൂട്ടിവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: എമിറേറ്റിൽ പുതുതായി നിർമിക്കുന്ന ആൽ മക്തൂം വിമാനത്താവളം പൂർണ സജ്ജമായാൽ എമിറേറ്റ്സ് എയർലൈനിന്റെ പ്രവർത്തനം അങ്ങോട്ട് മാറ്റുന്നതിന് പരമാവധി മൂന്നും ദിവസം മാത്രം മതിയെന്ന് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപറേഷൻസ് ഓഫിസറുമായ അബ്ദുൽ അൽ റദ വെളിപ്പെടുത്തി. ദുബൈ വിമാനത്താവളത്തിലെ പ്രവർത്തനങ്ങളിൽനിന്നും പൂർണമായും സ്വതന്ത്രമായിരിക്കും ആൽ മക്തൂം വിമാനത്താവളത്തിലെ എമിറേറ്റ്സ് എയർലൈനിന്റെ സംവിധാനങ്ങൾ. എന്നാൽ, അതെല്ലാം ഒറ്റ രാത്രികൊണ്ട് പൂർത്തിയാക്കാവുന്നതേയുളളൂ.
പരമാവധി പോയാൽ മൂന്ന് ദിവസം മതിയെന്നും അദ്ദേഹം പറഞ്ഞു. ഫോർസടെക് 2025 എന്ന പേരിൽ എമിറേറ്റ്സ് ഗ്രൂപ് സംഘടിപ്പിച്ച വാർഷിക സാങ്കേതിക വിദ്യ പ്രദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദർശനം എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് ചീഫ് ചെയർമാനും എക്സിക്യൂട്ടിവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്.
10 വർഷത്തിനുള്ളിൽ ആൽ മക്തൂം വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാകും. 12,800 കോടി ദിർഹമാണ് ചെലവ്. നിർമാണം പൂർത്തിയാകുന്നതോടെ എമിറേറ്റ്സ് എയർലൈനിന്റെ പ്രവർത്തനം പൂർണമായും അവിടേക്ക് മാറ്റുമെന്ന് 2024 ഏപ്രിലിൽ ദുബൈ പ്രഖ്യാപിച്ചിരുന്നു. പുതിയ വിമാനത്താവളത്തിന്റെ നിർമാണത്തിനുള്ള കരാർ ഇതിനകം നൽകിക്കഴിഞ്ഞു. പൂർണമായും പ്രവർത്തനസജ്ജമായാൽ പ്രതിവർഷം 26 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി പുതിയ വിമാനത്താവളത്തിനുണ്ടാകും. സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കിയുള്ള വിമാനത്താവളത്തിലൂടെ യാത്രക്കാർ വെറുതെ കടന്നുപോയാൽ മതി. ചെക്കിങ്, ഇമിഗ്രേഷൻ നടപടികൾ ഇതിനിടയിൽ പുരോഗമിക്കുന്നത് പോലും അവർ അറിയില്ലെന്നും അബ്ദുൽ അൽ റദ പറഞ്ഞു.
ഒരു വളയത്തിലൂടെ കടന്നുപോകുന്നത് പോലെയായിരിക്കും അനുഭവപ്പെടുക. അവിടെ പാസ്പോർട്ട് സമർപ്പിക്കേണ്ടി വരില്ല. ഉദ്യോഗസ്ഥരേയും കാണില്ല. എയർപോർട്ട് ലോഞ്ച് ഉപയോഗിക്കുമ്പോഴും ബഗ്ഗി, ട്രെയ്ൻ ഉപയോഗിക്കുമ്പോഴും ഇതേ അനുഭവമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഏത് നടപടികളും ബയോമെട്രിക് തിരിച്ചറിയൽ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് പൂർത്തീകരിക്കുക. അതേപോലെ സ്വയം നിയന്ത്രണ കാറുകളും ട്രക്കുകളുമായിരിക്കും പുതിയ വിമാനത്താവളത്തിൽ നിയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

