‘മികച്ച അന്താരാഷ്ട്ര വിമാനക്കമ്പനി’യായി എമിറേറ്റ്സ്
text_fieldsദുബൈ: ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. ഫോർബ്സിന്റെ ട്രാവൽ ഗൈഡ് വെരിഫൈഡ് എയർ ട്രാവൽ അവാർഡുകളിൽ ‘മികച്ച അന്താരാഷ്ട്ര എയർലൈനാ’യി എമിറേറ്റ്സ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അന്താരാഷ്ട്ര ഫസ്റ്റ് ക്ലാസ്, മികച്ച അന്താരാഷ്ട്ര എയർലൈൻ ലോഞ്ച് എന്നീ പദവികളും എയർലൈൻ നേടിയിട്ടുണ്ട്.
പതിവായി യാത്ര ചെയ്യുന്നവർ, ആഡംബര യാത്ര ഉപദേഷ്ടാക്കൾ, ഫോർബ്സ് ട്രാവൽ ഗൈഡ്സ് ഇൻസ്പെക്ടർമാർ എന്നിവരുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് ഫോർബ്സ് അവാർഡുകൾ നൽകുന്നത്. ദുബൈ ആസ്ഥാനമായുള്ള എയർലൈനിന്റെ വിജയരഹസ്യം യാത്ര അനുഭവത്തിന്റെ എല്ലാ വശങ്ങളും നിരന്തരം പരിഷ്കരിക്കുന്നെന്നതാണെന്ന് ഫോർബ്സ് അഭിപ്രായപ്പെട്ടു. എമിറേറ്റ്സ് അടുത്തിടെ അതിന്റെ ഫസ്റ്റ് ക്ലാസ്, സ്കൈ വാർഡ്സ് പ്ലാറ്റിനം അംഗങ്ങൾക്കായി ആഡംബര ലോഞ്ച് പോലുള്ള ചെക്-ഇൻ ഏരിയ ഏർപ്പെടുത്തിയിരുന്നു. കൂടാതെ, ഓട്ടിസം ബാധിച്ച യാത്രക്കാരെ സഹായിക്കുന്നതിനായി പരിശീലനം ലഭിച്ച 30,000ത്തിലധികം ക്യാബിൻ ക്രൂവും ഗ്രൗണ്ട് സ്റ്റാഫുമുള്ള ആദ്യത്തെ ഓട്ടിസം സർട്ടിഫൈഡ് എയർലൈൻ കൂടിയാണിത്.
ലോകത്താകമാനം 150ലേറെ നഗരങ്ങളിലേക്ക് ദുബൈയിൽനിന്ന് യാത്രക്കാരുമായി പറക്കുന്ന എമിറേറ്റ്സ് വിമാനക്കമ്പനിക്ക് ഇക്കഴിഞ്ഞ ആഴ്ച 40 വയസ്സ് പൂർത്തിയായിരുന്നു. 2025ലെ കണക്കുകൾ പ്രകാരം 81 രാജ്യങ്ങളിലേക്ക് എമിറേറ്റ്സ് സർവിസ് നടത്തുന്നുണ്ട്.
ലക്ഷക്കണക്കിന് യാത്രക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് ഓരോ വർഷവും നിലവിൽ യാത്ര ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 152 നഗരങ്ങളുമായി ദുബൈയെ നേരിട്ട് ബന്ധിപ്പിക്കുന്ന എമിറേറ്റ്സ് ലോകത്തിലെ മുൻനിര എയർലൈനുകളിലൊന്നായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

