ദുബൈയിൽ എമിറേറ്റ്സ് ജീവനക്കാർക്ക് പുതിയ വില്ലേജ് ഒരുക്കുന്നു
text_fieldsഎമിറേറ്റ്സ് കാബിൻ ക്രൂ വില്ലേജ് രൂപരേഖ
ദുബൈ: എമിറേറ്സ് എയർലൈൻ ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിൽ പ്രത്യേക കാബിൻ ക്രൂ വില്ലേജ് ഒരുക്കുന്നു. ദുബൈ ആസ്ഥാനമായ വിമാനക്കമ്പനിയുടെ വർധിച്ചുവരുന്ന ജീവനക്കാരെയും ദീർഘകാല പദ്ധതികളെയും സഹായിക്കുന്നതിനാണ് ശതകോടിക്കണക്കിന് ദിർഹം ചെലവിട്ട് വില്ലേജ് ഒരുക്കുന്നത്. 12,000 ക്യാബിൻ ക്രൂ അംഗങ്ങളെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള രീതിയിലാണ് വില്ലേജ് രൂപകൽപന ചെയ്‌തിരിക്കുന്നത്. ആധുനിക റെസിഡൻഷ്യൽ, മിക്സഡ്-യൂസ് കമ്യൂണിറ്റി പദ്ധതിക്കായാണ് എമിറേറ്റ്സ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
ഈ വർഷം രണ്ടാം പാദത്തിൽ പദ്ധതിയുടെ തറക്കല്ലിടൽ നടക്കും. ആദ്യ ഘട്ടം 2029 ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാല പാട്ട വ്യവസ്ഥ അടിസ്ഥാനമാക്കിയാണ് വികസനം പൂർത്തിയാക്കുക. എമിറേറ്റ്‌സിന്റെ പ്രവർത്തനങ്ങൾ ആൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുന്നത് അടക്കമുള്ള ഭാവി പദ്ധതികൾ കൂടി മുന്നിൽകണ്ടാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. റീടെയ്ൽ ഔട്ലെറ്റുകളടങ്ങിയ സെൻട്രൽ ഹബ്, റസ്റ്ററന്‍റുകൾ, ഫിറ്റ്നസ് സൗകര്യങ്ങൾ, ക്ലിനിക്കുകൾ, പൊതുയിടങ്ങൾ എന്നിവയും വില്ലേജിലുണ്ടാകും.
അതോടൊപ്പം നടപ്പാതകൾ, ഹരിതയിടങ്ങൾ, റിസോർട്ട് രൂപത്തിലുളള സ്വിമ്മിങ് പൂളുകൾ എന്നിവയുമുണ്ടാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിനും ഇടയിൽ, ഏകദേശം തുല്യ അകലത്തിലാണ് പദ്ധതി സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇത് എമിറേറ്റ്‌സിന്റെ നിലവിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനൊപ്പം, വിമാനത്താവള മാറ്റത്തിന്‍റെ സന്ദർഭത്തിൽ ഗുണകരമാവുകയും ചെയ്യും.
എമിറേറ്റ്‌സിന്റെ ചീഫ് പ്രൊക്യുർമെന്റ് ആൻഡ് ഫെസിലിറ്റീസ് ഓഫീസർ അലി മുബാറക് അൽ സൂരിയും ദുബൈ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ വൈസ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഖാലിദ് ബിൻ കൽബാനുമാണ് ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന എക്‌സിക്യൂട്ടീവുകളുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചത്. 19 നിലകളുള്ള 20 റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് ക്യാബിൻ ക്രൂ വില്ലേജ്.
ഒന്ന്, രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ടുമെന്റുകൾ ഓരോ കെട്ടിടത്തിലുമുണ്ടാകും. താമസത്തിനും സാമൂഹിക ജീവിതത്തിനും യോജിച്ച രീതിയിലാണ് കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്നത്. എമിറേറ്റ്സ് ജീവനക്കാരുടെ ആവശ്യങ്ങൾക്കും ജീവിതശൈലികൾക്കും അനുസരിച്ച് രൂപകൽപന ചെയ്ത താമസസ്ഥലങ്ങളാണ് ഒരുക്കുന്നതെന്നും, ക്രൂവിന് ആവശ്യമായതെല്ലാം വില്ലേജ് നൽകുമെന്നും അലി മുബാറക് അൽ സൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

