യാത്ര എളുപ്പമാക്കാൻ എമിറേറ്റ്സും ഊബറും കൈകോർക്കുന്നു
text_fieldsദുബൈ: ദുബൈ ആസ്ഥാനമായ വിമാനകമ്പനി എമിറേറ്റ്സും ടാക്സി ബുക്കിങ് ആപ്പായ ഊബറും കൈകോർക്കുന്നു. എമിറേറ്റ്സിൽ യാത്രചെയ്യുന്നവർക്ക് വിമാനത്താവളത്തിലെത്താനും എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകാനും ഊബർ സേവനം ലഭ്യമാക്കും.ഊബർ വഴി ടാക്സി ബുക്ക് ചെയ്യുന്നവർക്ക് എമിറേറ്റ്സിന്റെ ലോയൽറ്റി പ്രോഗാമിന്റെ ആനുകൂല്യങ്ങളും ലഭിക്കുന്നവിധമാണ് ഇരുകമ്പനികളും ധാരണയിലെത്തിയത്. യാത്ര കൂടുതൽ എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് നിർണായക പങ്കാളിത്തത്തിന് ഇരു കമ്പനികളും കരാറിൽ ഒപ്പുവെച്ചത്. ഉപഭോക്താക്കൾക്ക് വിമാന യാത്രയും വിമാനത്താവളത്തിലേക്കുള്ള യാത്രയും ഒരുമിച്ച് ലഭിക്കുന്ന സംയോജിത ബുക്കിങ് അനുഭവത്തിന് വഴിയൊരുക്കുന്നതാണ് കരാർ.
ഇതിലൂടെ യാത്രക്കാർക്ക് എമിറേറ്റ്സ് ബുക്കിങ് വഴി നേരിട്ട് ഊബർ സർവീസിലൂടെ വിമാനത്താവള ട്രാൻസ്ഫറിനും നഗരത്തിനുള്ളിലെ യാത്രക്കും സാധിക്കും. കൂടുതൽ സമഗ്രമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നിലവിലെ യാത്ര വ്യവസായ രംഗത്തെ ട്രൻഡിനനുസരിച്ചാണ് പദ്ധതി രൂപപ്പെടുത്തിയത്. ചില യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്നും വിമാനത്താവളത്തിലേക്കും ഊബർ യാത്ര എമിറേറ്റ്സ് തന്നെ പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്യും.എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്ഷ്യൽ ഓഫീസറുമായ അദ്നാൻ കാസിമും ഊബറിന്റെ ഇ.എം.ഇ.എ മൊബിലിറ്റി മേധാവിയുമായ അനാബിൽ ഡയസ് കാൽഡെറോണുമാണ് കരാറിൽ ഒപ്പുവെച്ചത്. ആഗോള തലത്തിൽ തന്നെ എമിറേറ്റ്സ് യാത്രക്കാർക്ക് യാത്ര എളുപ്പമാക്കുന്നതാകും പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

