ഉയർന്ന കൊളസ്ട്രോളിനുള്ള ചികിത്സക്കായി ‘ലിപ്ഫെൻഡ്ര’ക്ക് ഇ.ഡി.ഇ അംഗീകാരം
text_fieldsദുബൈ: ഉയർന്ന തോതിലുള്ള എൽ.ഡി.എൽ കൊളസ്ട്രോൾ ഉള്ള മുതിർന്നവരുടെ ചികിത്സക്കായി 'ലിപ്ഫെൻഡ്ര' എന്ന മരുന്നിന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.ഡി.ഇ) അംഗീകാരം നൽകി. പാരമ്പര്യമായി ഉണ്ടാകുന്ന ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഡോക്ടർമാരുടെ നിർദേശാനുസരണം ചികിത്സാ പദ്ധതിയുടെ ഭാഗമായി ഈ മരുന്ന് ഉപയോഗിക്കാവുന്നതാണ്.
ദിവസം ഒരുതവണ കഴിക്കേണ്ട ഗുളികയാണിത്. സമീകൃതാഹാരത്തിനും പതിവ് വ്യായാമത്തിനും ഒപ്പം ഈ മരുന്ന് കഴിക്കുന്നത് ഹൃദ്രോഗങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നായ ‘ചീത്ത കൊളസ്ട്രോളി’ന്റെ (എൽ.ഡി.എൽ) അളവ് കുറക്കാൻ സഹായിക്കുന്നു. ഇ.ഡി.ഇ അംഗീകാരത്തോടെ, ഈ മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി യു.എ.ഇ മാറി. ഇത് രാജ്യത്തെ റെഗുലേറ്ററി സംവിധാനത്തിന്റെ കാര്യക്ഷമതക്കും രോഗികൾക്ക് നൂതന മരുന്നുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾക്കും തെളിവാണ്.
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ സമീകൃതാഹാരവും പതിവ് വ്യായാമവും ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഒപ്പം, തങ്ങളുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തുന്നതിനും അനുയോജ്യ ചികിത്സ നിശ്ചയിക്കുന്നതിനുമായി ഒരു ആരോഗ്യ വിദഗ്ദ്ധനെ കണ്ട് ഉപദേശം തേടണം. ഹൃദ്രോഗ സാധ്യത കുറക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

