ദുബൈ വിമാനത്താവളം: സ്മാർട് ഗേറ്റുകൾ ഉപയോഗിച്ചത് 10കോടി യാത്രക്കാർ
text_fieldsദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റുകൾ കഴിഞ്ഞ നാലുവർഷത്തിനിടെ ഉപയോഗപ്പെടുത്തിയത് 10കോടിയിലേറെ പേർ. യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ സ്റ്റാമ്പ് ചെയ്യുന്നതിന് എയർപോർട്ടിലെ കൺട്രോൾ ഓഫീസർമാർക്ക് പകരമായി സ്ഥാപിച്ചതാണ് ഇലക്ട്രോണിക് നിയന്ത്രിതമായ 122 സ്മാർട് ഗേറ്റുകൾ.
യാത്രക്കാരുടെ സൗകര്യവും എളുപ്പവും പരിഗണിച്ചാണ് ഏറ്റവും പുതിയ സ്മാർട് സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബൈ എയർപോർട്ടിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും കടന്നുപോകുന്നത് എളുപ്പമാകാനും ഇതുപകരിച്ചിട്ടുണ്ട്.
2019മുതൽ 2022വരെയാണ് ഇത്രയധികം ആളുകൾ സംവിധാനം ഉപയോഗപ്പെടുത്തിയതെന്നും സാങ്കേതിക വിദ്യക്ക് യാത്ര എളുപ്പമാക്കാൻ സാധിക്കുമെന്നതിന്‍റെ തെളിവാണിതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍റെയും ആവശ്യമില്ലാതെ സ്‌മാർട്ട് ട്രാവലിങ് സംവിധാനത്തിലൂടെ വിമാനയാത്രക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിന് മുമ്പാണ് ജി.ഡി.ആർ.എഫ്.എ 'സ്മാർട് ടണൽ' പദ്ധതി ആരംഭിച്ചത്. ബയോമെട്രിക് തിരിച്ചറിയൽ സംവിധാനമായ ഗേറ്റിലൂടെ നടന്ന് സെക്കൻറുകൾക്കകം പാസ്പോർട് ക്ലിയറൻസ് ലഭിക്കുന്ന സംവിധാനമാണിത്. മനുഷ്യ ഇടപെടലില്ലാതെ വേഗത്തിൽ പാസ്പോർട് സ്റ്റാമ്പിങ് കടമ്പ കടക്കുന്ന ഏറ്റവും സുരക്ഷിതവും പുതിയതുമായ സംവിധാനം വളരെ പെട്ടന്നാണ് യാത്രക്കാർ സ്വീകരിച്ചത്.