ലോകത്ത് തിരക്കിൽ മുന്നിൽ ദുബൈ വിമാനത്താവളം
text_fieldsദുബൈ: ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ തുടർച്ചയായി രണ്ടാം വർഷവും മുന്നിലെത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം വഴി കടന്നുപോയത് 9.2 കോടി യാത്രക്കാരാണ്.
തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ലണ്ടനിലെ ഹിത്രു വിമാനത്താവളമാണ്. ഇവിടെ 7.9 കോടി യാത്രക്കാർ വന്നുപോയി. 2023നെ അപേക്ഷിച്ച് 5.7 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. പട്ടികയിൽ കഴിഞ്ഞ വർഷവും ഒന്നും രണ്ടും സ്ഥാനം ഈ വിമാനത്താവളങ്ങൾക്കുതന്നെയായിരുന്നു.
ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ വിമാനത്താവളം (7.67 കോടി യാത്രക്കാർ), സിംഗപ്പൂർ വിമാനത്താവളം (6.7 കോടി യാത്രക്കാർ), ആംസ്റ്റർഡാം (6.6 കോടി യാത്രക്കാർ) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റു വിമാനത്താവളങ്ങൾ.
അതേസമയം, ആകെ യാത്രക്കാരുടെ എണ്ണം 10.8 കോടിയുമായി അറ്റ്ലാന്റയാണ് മുന്നിൽ. ദുബൈ വിമാനത്താവളമാണ് തൊട്ടുപിന്നിൽ. ഡാളസ് ഫോർ വർത്ത്, ടോക്യോ ഹനിഡ, ലണ്ടൻ ഹിത്രു എന്നിവയാണ് പട്ടികയിലെ മറ്റു വിമാനത്താവളങ്ങൾ. എ.സി.ഐയുടെ വാർഷിക റിപ്പോർട്ടിന്റെ ഭാഗമായുള്ള റാങ്കിങ്ങിൽ യാത്രക്കാരുടെ എണ്ണം, എയർ കാർഗോ, വിമാനങ്ങളുടെ നീക്കം എന്നിവ ഉൾപ്പെടും. സങ്കീർണമായ ആഗോള സാഹചര്യങ്ങളിലും ആഗോള വ്യോമഗതാഗത മേഖലയുടെ വ്യാപ്തിയും വളർന്നുകൊണ്ടിരിക്കുന്ന വ്യവസായത്തിന്റെ കരുത്തുമാണ് റാങ്കിങ് പ്രതിഫലിപ്പിക്കുന്നതെന്ന് എ.സി.ഐ വേൾഡ് ഡയറക്ടർ ജനറൽ ജസ്റ്റിൻ എർബാസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

