കണ്ടെയ്നറിനകത്ത് ആശുപത്രി ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സി’ൽ ശ്രദ്ധനേടി ‘ഡോക്ടൂർ’
text_fields‘ഡോക്ടൂർ’ സംവിധാനത്തിന്റെ രൂപരേഖ
അബൂദബി: ആരോഗ്യവും ലോജിസ്റ്റിക്സും സമന്വയിപ്പിക്കുന്ന നവീന പദ്ധതിയായ ‘ഡോക്ടൂർ’ അബൂദബിയിൽ നടക്കുന്ന ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ പരിപാടിയിൽ അവതരിപ്പിച്ച് ബുർജീൽ ഹോൾഡിങ്സ്. അബൂദബി പോർട്ട്സ് ഗ്രൂപ്പുമായി (എ.ഡി പോർട്ട്സ്) ചേർന്ന് ആഗോളതലത്തിൽ നടപ്പിലാക്കുന്ന സംരംഭം യു.എ.ഇ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിറിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. എ.ഡി പോർട്സ് ഗ്രൂപ് മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ ക്യാപ്റ്റൻ മുഹമ്മദ് ജുമ അൽ ശംസി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരമ്പരാഗത ആശുപത്രി സങ്കൽപങ്ങളിൽനിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്ന സംവിധാനമാണ് കണ്ടെയ്നർ ആശുപത്രികൾ, ക്ലിനിക്കുകൾ, ഫീൽഡ് ആശുപത്രികൾ, സ്ഥിരമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ‘ഡോക്ടൂർ’. അതിനൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ, വിദഗ്ധ ഡോക്ടർമാർ എന്നിവ ഉൾപ്പെടുത്തി രൂപകൽപന ചെയ്തിട്ടുള്ള കണ്ടെയ്നർ ആശുപത്രികളിലൂടെ വൈദ്യസഹായം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും, പ്രകൃതിദുരന്ത സമയങ്ങളിലും അതിവേഗം സഹായം എത്തിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ‘ഡോക്ടർ’, ‘ടൂർ’ എന്നീ വാക്കുകളിൽ നിന്നാണ് ‘ഡോക്ടൂർ’ എന്ന പേരിന്റെ ഉത്ഭവം.
ലോകത്തുടനീളം 34 ടെർമിനലുകളിൽ സാന്നിധ്യമുള്ള എ.ഡി പോർട്ട്സിന് 247 കപ്പലുകൾ ഉൾപ്പെടുന്ന വൻ ലോജിസ്റ്റിക്സ് ശ്രേണിയാണുള്ളത്. എ.ഡി പോർട്ട്സിന്റെ ലോജിസ്റ്റിക്സ് സംവിധാനവും ബുർജീൽ ഹോൾഡിങ്സിന്റെ ഹെൽത്ത്കെയർ നെറ്റ്വർക്കും കോർത്തിണക്കുന്ന ‘ഡോക്ടൂർ’ ആഗോള ആരോഗ്യ വിതരണ ശൃംഖല കാര്യക്ഷമമാക്കുകയും നവീകരിക്കുകയും ചെയ്യും.
ആരോഗ്യ സംരക്ഷണത്തിന്റെ അഭാവമുള്ള മേഖലകളിൽ വിവിധ പങ്കാളിത്തങ്ങളിലൂടെ ഉയർന്ന നിലവാരമുള്ള പരിചരണം സ്ഥിരമായി നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആഫ്രിക്കയിലുടനീളം അടിസ്ഥാന സൗകര്യങ്ങളും മികച്ച ആരോഗ്യസേവനങ്ങളും എത്തിക്കും. പദ്ധതിയുടെ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഗവൺമെന്റുകൾ, പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങൾ, ഹ്യുമാനിറ്റേറിയൻ ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കും.
അടിയന്തര സാഹചര്യങ്ങളിലും പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോഴും ദേശീയ ആരോഗ്യ മന്ത്രാലയങ്ങൾ, അന്താരാഷ്ട്ര സർക്കാറിതര സംഘടനകൾ, യു.എ.ഇയുടെ ഹ്യുമാനിറ്റേറിയൻ സംരംഭങ്ങൾ എന്നിവയുമായി ചേർന്ന് അടിയന്തര പരിചരണം നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

