ബാക് സീറ്റ് യാത്രക്കാർക്ക് സീറ്റ്ബെൽറ്റിനോട് വിമുഖത?
text_fieldsദുബൈ: പിൻസീറ്റിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സീറ്റ് ബെൽറ്റ് ധരിക്കാൻ മടി കാണിക്കുന്നവരാണെന്ന് സർവേ ഫലം. ഇക്കഴിഞ്ഞ ജനുവരിയിൽ അൽ വത്ബ ഇൻഷൂറൻസ് കമ്പനിയുമായി കൈകോർത്ത് റോഡ് സേഫ്റ്റി യു.എ.ഇ നടത്തിയ സർവേയിലാണ് പിൻസീറ്റ് യാത്രക്കാരിൽ 75 ശതമാനം പേരും സീറ്റ് ബെൽറ്റ് ഉപയോഗിക്കാറില്ലെന്ന് വ്യക്തമായത്. 10,10 കാർ യാത്രക്കാരാണ് സർവേയിൽ പങ്കെടുത്തത്.
സർവേ അനുസരിച്ച് രാജ്യത്തെ കാർ യാത്രക്കാരിൽ നാലിൽ ഒന്ന് പേർ മാത്രമാണ് പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാറ്. എങ്കിലും 2017നെ അപേക്ഷിച്ച് പിൻസീറ്റിലും സീറ്റ് ബെൽറ്റ് ധരിക്കുന്നത് സുരക്ഷയിൽ പ്രധാനമാണെന്ന് അവബോധം യാത്രക്കാരിൽ കൂടുതലായി കാണിക്കുന്നുണ്ട്. പക്ഷെ, ലോകത്തിലെ മറ്റിടങ്ങളേക്കാൾ യു.എ.ഇയിൽ താരതമ്യേന കുറവാണ്. 2017ൽ ആണ് യു.എ.ഇയിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്. മുൻ സീറ്റ് യാത്രക്കാരിൽ 86 ശതമാനം പേരും സീറ്റ്ബെൽറ്റ് ധരിക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. പിൻസീറ്റ് യാത്രക്കാരിൽ 24 ശതമാനം പേർക്ക് മാത്രമേ ഇക്കാര്യത്തിൽ അനുകൂല അഭിപ്രായമുള്ളൂവെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കുന്നത് അപകടങ്ങളിൽ ഗുരുതരമായ പരിക്കേൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്ന് അൽ വത്ബ ഇൻഷൂറൻസ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ മുരളീ കൃഷ്ണൻ രാമൻ പറഞ്ഞു. അബൂദബി പൊലീസിന്‍റെ കണക്കുകൾ അനുസരിച്ച് എമിറേറ്റിലുണ്ടായ അപകട മരണങ്ങളിൽ 60 ശതമാനവും സീറ്റ് ബെൽറ്റ് കൃത്യമായി ധരിക്കാത്തതിന്‍റെ ഫലമാണത്രെ. 120 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്ത ഒരാൾക്ക് ഉണ്ടാകുന്ന ആഘാതം 15 നില കെട്ടിടത്തിൽ നിന്ന് വീഴുന്നതിന് തുല്യമാണ്. ഇത് അതിജീവനം മിക്കവാറും അസാധ്യമാക്കുമെന്നാണ് പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

