രണ്ടാംദിനവും ആക്രമണം; പ്രതിരോധം തീർത്ത് യു.എ.ഇ മൂന്നു മരണം സ്ഥിരീകരിച്ചു; 58പേർക്ക് പരിക്ക്
text_fieldsയു.എ.ഇ പ്രതിരോധസേന തകർത്ത മിസൈൽ അവശിഷ്ടം റോഡിൽ വീണുകിടക്കുന്നു
ദുബൈ: മേഖലയിൽ രൂപപ്പെട്ട സംഘർഷത്തിന്‍റെ രണ്ടാദിനത്തിലും യു.എ.ഇയെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണ ശ്രമങ്ങളിൽ മിക്കതും വിജയകരമായി പ്രതിരോധിച്ച് വ്യോമസേന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി. ഇറാനിയൻ ആക്രമണത്തിൽ രാജ്യത്തിന്റെ വ്യോമസേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇതിനകം 165 ബാലിസ്റ്റിക് മിസൈലുകൾ, 2 ക്രൂസ് മിസൈലുകൾ, 541 ഡ്രോണുകൾ എന്നിവ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 20 ബാലിസ്റ്റിക് മിസൈലുകളാണ് തകർത്തത്. 8 മിസൈലുകൾ കടലിൽ വീണു. കൂടാതെ 2 ക്രൂസ് മിസൈലുകളും 311 ഡ്രോണുകളും തടഞ്ഞുനിർത്തി നശിപ്പിക്കുകയും ചെയ്തു. ഇതേസമയം 21 ഡ്രോണുകൾ സിവിൽ കേന്ദ്രങ്ങളിൽ പതിച്ചിട്ടുണ്ട്. ഇതുവരെ ഇറാനിൽ നിന്ന് വിക്ഷേപിച്ച 165 ബാലിസ്റ്റിക് മിസൈലുകളിൽ 152 എണ്ണം തകർത്തു. 13 എണ്ണം കടലിൽ വീണു. 506 ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചപ്പോൾ 35 എണ്ണം രാജ്യത്തിനുള്ളിൽ പതിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഇതിനകം ആക്രമണത്തിൽ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ 3 പേരുടെ മരണം സ്ഥിരീകരിച്ചു. വിവിധ രാജ്യക്കാരായ 58 പേർക്ക് ചെറിയ പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അബൂദബി, ദുബൈ വിമാനത്താവളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ അധികൃതർ പ്രതിരോധിച്ചിരുന്നു. അബൂദബിയിൽ പ്രതിരോധിക്കുന്നതിനിടെ ഉണ്ടായ സംഭവത്തിൽ ഒരാൾ മരണപ്പെട്ടതായും ഏഴ് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഡ്രോൺ തടഞ്ഞ് വീഴ്ത്തുന്നതിനിടെ ഉണ്ടായ അവശിഷ്ടങ്ങൾ താഴെ പതിച്ചതാണ് അപകടത്തിന് കാരണമായത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഭവത്തിൽ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായതായും നാല് ജീവനക്കാർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് ഉടൻ മെഡിക്കൽ സഹായം ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. പ്രശസ്തമായ ബുർജ് അൽ അറബ് ഹോട്ടൽ, ജബൽ അലി തുറമുഖം എന്നിവിടങ്ങളിലും അവശിഷ്ടങ്ങൾ പതിച്ച് ചെറിയ തീപ്പിടുത്തമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് വ്യോമ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു മേഖലകൾ സാധാരണപോലെ സേവനങ്ങൾ തുടരുകയാണ്. നഗരങ്ങളിൽ ബസ് സർവീസുകളും മറ്റും സജീവമാണ്. അതോടൊപ്പം സൂപ്പർ മാർക്കറ്റുകളും മറ്റു ഷോപ്പുകളും സാധാരണ നിലയിൽ പ്രവർത്തിക്കുനുണ്ട്. അതേമസയം ചില വിനോദകേന്ദ്രങ്ങൾ താലകാലികമായി അടക്കുകയും സ്കുളുകൾക്ക് ഓൺലൈൻ പഠനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ സൗഹൃദ രാജ്യങ്ങൾ യു.എ.ഇക്ക് പിന്തുണ അറിയിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

