Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാംദിനവും ആക്രമണം; പിഴക്കാ​തെ പ്രതിരോധം

text_fields
bookmark_border
  • പരിക്കേറ്റവരുടെ എണ്ണം 68 ആയി
  • തിങ്കളാഴ്ച 9 ബാലിസ്റ്റിക് മിസൈലുകളും 6 ക്രൂസ് മിസൈലുകളും 148 ഡ്രോണുകളും തകർത്തു
മൂന്നാംദിനവും ആക്രമണം; പിഴക്കാ​തെ പ്രതിരോധം
cancel

ദുബൈ: മേഖലയിലെ സംഘർഷത്തിന്‍റെ മൂന്നാംദിനത്തിലും ഇറാൻ ആക്രമണം തുടർന്നതോടെ ശക്​തമായ പ്രതിരോധവും കർശന നടപടികളും സ്വീകരിച്ച്​ യു.എ.ഇ. ഇറാൻ ആക്രമണത്തിൽ രാജ്യത്ത്​ പരി​ക്കേറ്റവരുടെ എണ്ണം 68 ആയി. തിങ്കളാഴ്ച രാജ്യത്തിന്​ നേരെ വന്ന 9 ബാലിസ്റ്റിക് മിസൈലുകളും 6 ക്രൂസ് മിസൈലുകളും 148 ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മൂന്നാംദിവസത്തിൽ ജീവാപായങ്ങളൊന്നുമില്ല. ആക്രമണത്തിനിടെ ചിലയിടങ്ങളിൽ പ്രതിരോധത്തിൽ തകർന്ന ഡ്രോണുകളുടെ ചീളുകൾ പതിച്ചതായി അധികൃതർ വെളിപ്പെടുത്തി.

അബൂദബിയിലും റാസൽഖൈമയിലുമുണ്ടായ ഇത്തരം സംഭവങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ല. അബൂദബിയിൽ ‘ഐകാഡ്’ മേഖലയിലെ ഗോഡൗണിലും മുസഫ പ്രദേശത്തെ വാണിജ്യ സ്ഥാപനത്തിലുമാണ്​ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണത്​. സംഭവത്തിൽ കെട്ടിടങ്ങൾക്ക് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്​. രാജ്യത്തിന്‍റെ വടക്കൻ മേഖലയായ റാസല്‍ഖൈമയില്‍ അല്‍ ഹംറ വില്ലേജിലാണ്​ ചൊവ്വാഴ്ച്ച രാവിലെ ചീളുകൾ പതിച്ചത്​.

അതേസമയം ശക്​തമായ നടപടികളുടെ ഭാഗമായി ഇറാനിലെ എംബസി അടച്ചുപൂട്ടാനും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനിച്ചതിനൊപ്പം യു.എ.ഇയിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ആക്രമണങ്ങളിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്​. യു.എ.ഇയുടെ ഭൂപ്രദേശത്തെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിക്കുന്ന നോട്ടീസ്​ അംബാസഡർക്ക്​ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു. രാജ്യത്ത്​ വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടില്ലെങ്കിലും അബൂദബിയിൽ നിന്നും ദുബൈയിൽ നിന്നും സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്​.

സംഘർഷത്തിനിടെ കുടുങ്ങിയവരെ ലക്ഷ്യ സ്ഥാന​ങ്ങളിലെത്തിക്കാനും കാർഗോ സേവനങ്ങൾക്കുമായാണ്​ തിങ്കളാഴ്ച കൊച്ചിയിലേക്ക് അടക്കം വിവിധ സ്ഥലങ്ങളിലേക്ക്​ സർവീസ്​ നടത്തിയത്​.

ആക്രമണം നേരിടുന്ന യു.എ.ഇക്ക് പിന്തുണയും ഐക്യദാർഡ്യവുമറിയിച്ച്​ ഇന്ത്യയടക്കം വിവിധ ലോക രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്​. ​ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​, റഷ്യൻ പ്രസിഡന്‍റ്​ വ്ലാദിമിർ പുടിൻ തുടങ്ങിയ ലോക നേതാക്കളുമായി യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തുകയും സ്ഥിതിഗതികൾ പങ്കുവെക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack for the third day; defense without mistakes
Next Story