വംശനാശം നേരിടുന്ന മൃഗങ്ങളുടെ കടത്ത്: ഷാർജയിൽ അറബ് പൗരൻ അറസ്റ്റിൽ
text_fieldsഷാർജ പൊലീസ് അറബ് പൗരനിൽ നിന്ന് പിടികൂടിയ വംശനാശ ഭീഷണി നേരിടുന്ന കുറുക്കൻ
ഷാർജ: വംശനാശ ഭീഷണി നേരിടുന്ന, സംരക്ഷിത വിഭാഗങ്ങളിൽപെടുന്ന വന്യ മൃഗങ്ങളെ നിയമവിരുദ്ധമായി കടത്തിയ കേസിൽ ഷാർജയിൽ അറബ് പൗരൻ അറസ്റ്റിൽ. വിവിധ അതോറിറ്റികൾ ഒരുമിച്ച് നടത്തിയ നീക്കത്തിലാണ് അപൂർവയിനം കൊക്കുകൾ, കുറുക്കൻ തുടങ്ങിയ മൃഗങ്ങളെ രഹസ്യമായി സൂക്ഷിച്ചുപോന്ന അറബ് പൗരനെ പിടികൂടിയതെന്ന് ഷാർജ പൊലീസ് അറിയിച്ചു.
പിടികൂടിയ മൃഗങ്ങളെ ഷാർജ പരിസ്ഥിതി സംരക്ഷണ അതോറിറ്റി, കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ സഹകരണത്തിലൂടെ എമിറേറ്റിലെ പ്രകൃതിസംരക്ഷണ കേന്ദ്രത്തിന് കൈമാറി. പ്രതിയെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനും കൈമാറിയിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് പ്രതിനിധീകരിക്കുന്ന ഷാർജ പൊലീസാണ് മുഴുവൻ നീക്കങ്ങളും നടത്തിയത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫെഡറൽ ക്രിമിനൽ പൊലീസ്, എൻവയോൺമെന്‍റ് ആൻഡ് നേച്വർ റിസർവ്സ് അതോറിറ്റി എന്നിവയുടെ സഹകരണവും നീക്കത്തിലുണ്ടായിരുന്നു. സംരക്ഷണ പട്ടികയിലുള്ള മൃഗങ്ങളെ കടത്തുന്നതും സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംശകരമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപോർട്ട് ചെയ്യണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.
വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ കടത്തുന്നതും വിൽപന നടത്തുന്നതുമായി കേസുകളിൽ യു.എ.ഇ അതോറിറ്റികൾ ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഫാൽക്കണെ വേട്ടയാടിയ കേസിൽ അബൂബദിയിൽ അഞ്ച് പേർ അറസ്റ്റിലായിരുന്നു. വടക്കൻ ഖത്തമിലെ മരുഭൂമിയിൽവെച്ചാണ് ഇവരെ കയ്യോടെ പിടികൂടിയത്.
മെയിൽ ഫുജൈറയിലും റസിഡൻഷ്യൽ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട കാട്ടുപൂച്ചയെ പിടികൂടിയിരുന്നു. യു.എ.ഇ നിയമപ്രകാരം രജിസ്ട്രേഷനില്ലാതെ വംശനാശ ഭീഷണ നേരിടുന്ന മൃഗങ്ങളെ കൈവശം വെക്കുന്നതും വിൽപന നടത്തുന്നതും 10,000 മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

