ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്സുമാര്‍ക്ക് www.asterguardians.com ലൂടെ നാമനിർദേശം സമര്‍പ്പിക്കാം. നവംബർ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. നഴ്സുമാർക്ക് അവരുടെ ഇഷ്ടഭാഷയിൽ അപേക്ഷ സമർപ്പിക്കാം. ഒരു പ്രൈമറി മേഖലയിലും രണ്ട് സെക്കൻഡറി മേഖലകളിലും അപേക്ഷ സമർപ്പിക്കാം.
രോഗീപരിചരണം, നഴ്സിങ് ലീഡര്ഷിപ്, നഴ്സിങ് എജുക്കേഷന്‍, സോഷ്യല്‍ അല്ലെങ്കില്‍ കമ്യൂണിറ്റി സര്‍വിസ്, റിസര്‍ച്, ഇന്നവേഷന്‍, ആരോഗ്യ പരിചരണ മേഖലയിലെ സംരംഭകത്വം എന്നിവയാണ് സെക്കൻഡറി മേഖലകള്‍. സെക്കൻഡറി മേഖലയിലെ സംഭാവനകളെക്കുറിച്ച് സൂചിപ്പിക്കുന്നത് ഓപ്ഷനലാണ്.
പ്രഗത്ഭരും വിദഗ്ധരുമായ സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി ലഭിച്ച അപേക്ഷകള്‍ അവലോകനം നടത്തി മികച്ച 10 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കും.
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 2024 മേയില്‍ അന്തിമ വിജയിയെ പ്രഖ്യാപിക്കും.
ആഗോള നഴ്സിങ് സമൂഹത്തിന്റെ സേവനങ്ങളെ മികച്ച രീതിയില്‍ അംഗീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള മുന്‍നിര അവാര്‍ഡുകളിലൊന്നായി ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. കെനിയയില്‍നിന്നുള്ള നഴ്സ് അന്ന ഖബാലെ ദുബെയാണ് ആദ്യ അവാര്‍ഡ് നേടിയത്. മോണോജെനിക് ഡയബറ്റിസ് രംഗത്തെ പ്രഗത്ഭയായ യു.കെയില്‍നിന്നുള്ള മാര്‍ഗരറ്റ് ഹെലന് ഷെപ്പേര്‍ഡിനായിരുന്നു രണ്ടാമത്തെ അവാർഡ്.