അജ്മാനിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വളർച്ച
text_fieldsഅജ്മാൻ: കഴിഞ്ഞ ആറു മാസത്തിനിടെ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പൊതുഗതാഗത ബസുകളിൽ യാത്ര ചെയ്തത് 19 ലക്ഷം പേർ. ഇതേ കാലയളവിൽ ബസ് യാത്രകളുടെ എണ്ണം 1,16,297 ആണ്. എമിറേറ്റിലെ പൊതുഗതാഗത രംഗം തുടർച്ചയായി വളർച്ച നേടുന്നുവെന്നതിന്റെ സൂചനയാണീ കണക്കുകൾ.എമിറേറ്റിലെ ബസ് ശൃംഖലകൾ വ്യാപിപ്പിച്ചും യാത്ര സമയം കുറച്ചും സുസ്ഥിരമായ പരിഹാരങ്ങൾ നടപ്പാക്കിയും പൊതുഗതാഗത യാത്ര അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എൻജീനിയർ സാമി അലി അൽ ജല്ലാഫ് പറഞ്ഞു.ഉപഭോക്താക്കൾക്ക് ഉയർന്ന സംതൃപ്തി ഉറപ്പുവരുത്തുന്നതിനൊപ്പം സംയോജിതവും സുരക്ഷിതവുമായ ഗതാഗത സംവിധാനങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണയേകുകയും ചെയ്യും.
അജ്മാനിൽനിന്ന് മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ബസുകളും ഇന്റേണൽ ബസുകളും ഉൾപ്പെടുന്നതാണ് പൊതുഗതാഗത സംവിധാനങ്ങൾ. എമിറേറ്റിലുടനീളമുള്ള പ്രധാനപ്പെട്ട മുഴുവൻ താമസ, വാണിജ്യ, സേവന മേഖലകളുമായും ബന്ധിപ്പിച്ചാണ് ഇന്റേണൽ ബസ് സർവിസ് നടത്തുന്നത്. ദുബൈ, ഷാർജ, അബൂദബി, റാസൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിലേക്കുള്ള യാത്ര വാഗ്ദാനം ചെയ്യുന്നതാണ് ഇന്റർസിറ്റി ബസ് സർവിസ്.
രണ്ട് ബസ് സർവിസുകളും എല്ലാ ദിവസവും സർവിസ് നടത്തിവരുന്നു.ബസ് ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിച്ചും വാഹനങ്ങൾ നവീകരിച്ചും സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയും ഏറ്റവും സുരക്ഷിതവും സുഖകരവുമായ ഗതാഗത സൗകര്യങ്ങളാണ് അതോറിറ്റി ഒരുക്കുന്നത്.ഉപഭോക്താവിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതും മെച്ചപ്പെട്ട ജീവിത നിലവാരത്തിന് സംഭാവന നൽകുന്നതുമായ സുസ്ഥിര ഗതാഗത പരിഹാരങ്ങളും അതോറിറ്റി ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

