അധ്യയന വർഷാരംഭം; ദുബൈ വിമാനത്താവളത്തിൽ തിരക്കേറും
text_fieldsദുബൈ: വേനലവധിക്കാലം അവസാനിക്കാനിരിക്കെ ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കേറുമെന്ന് അധികൃതർ. പുതിയ അധ്യയന വർഷം ആഗസ്റ്റ് 26ന് ആരംഭിക്കാനിരിക്കെ നാട്ടിൽനിന്ന് മടങ്ങിവരുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തിരക്കാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 13 മുതൽ 25 വരെ മാത്രം വിമാനത്താവളത്തിൽ 36 ലക്ഷം യാത്രക്കാരെത്തുമെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഓരോ ദിവസവും ശരാശരി 2.8 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 2.9 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ആഗസ്റ്റ് 15 വെള്ളിയാഴ്ചയാണ് സീസണിലെ ഏറ്റവും തിരക്കേറിയ ദിവസം.
തിരക്കേറിയ ദിവസങ്ങളിൽ യാത്ര സുഗമമാക്കുന്നതിന് വിമാനക്കമ്പനികൾ, കൺട്രോൾ അതോറിറ്റികൾ, വാണിജ്യ, സേവന പങ്കാളികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിച്ചുവരുകയാണെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. യാത്ര എളുപ്പമാകുന്നതിന് നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 12 വയസ്സിന് മുകളിലുള്ളവർക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിച്ച് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാം, പാസ്പോർട്ടും വിസയും ബോർഡിങ് പാസും എപ്പോഴും കൈയിൽ സൂക്ഷിക്കുക, യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ ദുബൈ മെട്രോ ഉപയോഗിക്കാം, നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് സഹായ സംവിധാനം ലഭ്യമാണ് തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
ഈ വർഷം ആദ്യ ആറുമാസം ദുബൈ വിമാനത്താവളത്തിൽ റെക്കോഡ് സന്ദർശകരെത്തിയിരുന്നു. 98.8 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് വിമാനത്താവളം വഴി ജനുവരി മുതൽ ജൂൺ വരെ കടന്നുപോയത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി നിലനിർത്തിക്കൊണ്ട് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ ആറുശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

