നടത്തം കൂടുതല്‍ സുരക്ഷിതവും സുഖകരവുമാക്കാന്‍ അബൂദബി
text_fieldsഅബൂദബി: നഗരവാസികള്‍ക്ക് ദൈനംദിന ഹ്രസ്വദൂര യാത്രകള്‍ക്ക് നടത്തം സുരക്ഷിതവും സുഖകരവുമാക്കി മാറ്റുകന്നതിന് സമഗ്ര പദ്ധതികളുമായി അബൂദബി. കാല്‍നടപ്പാതകള്‍ നിര്‍മിക്കുകയോ വീതികൂട്ടുകയോ ചെയ്യുന്നതിലുപരി, അടിസ്ഥാന ദൈനംദിന ആവശ്യങ്ങളെല്ലാം കാല്‍നടയായി എളുപ്പത്തില്‍ എത്തിച്ചേരാവുന്ന രീതിയില്‍ താമസമേഖലകളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് നഗരസഭ ഗതാഗത വകുപ്പിലെ (ഡി.എം.ടി) അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് പെര്‍മിറ്റ്സ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി.
അബൂദബിയില്‍ ദൂരം മാത്രമല്ല ഒരാള്‍ നടക്കാന്‍ തീരുമാനിക്കുന്നതിന്റെ മാനദണ്ഡം. ലക്ഷ്യസ്ഥാനത്തേക്ക് പൂര്‍ണസുരക്ഷയോടെ നടന്നെത്തുന്നതിനായി തണലും വെളിച്ചവും ക്രോസിങ്ങുകളും ഉറപ്പുനല്‍കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. നിലവില്‍ 120 കിലോമീറ്ററിലേറെ നീളുന്ന കാല്‍നടപ്പാതകളും മികച്ച തെരുവ് വിളക്കുകളും കാൽനട ക്രോസിങ്ങുകളും മിക്ക താമസമേഖലകള്‍ക്കും സമീപത്തായി പാര്‍ക്കുകളും പച്ചപ്പും അബൂദബിയിലുണ്ട്. എന്നാല്‍, ഇനി വരുന്ന പുതിയതും വളരുന്നതുമായ പാര്‍പ്പിട മേഖലകളുടെ പ്ലാനിങ് ഘട്ടത്തില്‍ തന്നെ കാല്‍നടക്ക് അനുയോജ്യമാവുന്ന സംവിധാനം സജ്ജമാക്കാനാണ് നഗരസഭ ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പാര്‍ക്കുകളുടെ വികസനത്തിലും വലിയ മുന്നേറ്റമാണ് നടക്കുന്നത്. 2026ന്റെ ആദ്യ പകുതിയില്‍ മാത്രം 66 പുതിയ പാര്‍ക്കുകളാണ് അബൂദബി തുറന്നുകൊടുത്തത്. ഇതോടെ 2024 മുതല്‍ ഇതുവരെയായി തുറന്ന ആകെ പാര്‍ക്കുകളുടെ എണ്ണം 279 ആയി ഉയര്‍ന്നു. താമസക്കാര്‍ക്ക് നടക്കാനും വ്യായാമം ചെയ്യാനും ഒത്തുചേരാനുമുള്ള പ്രാദേശിക കേന്ദ്രങ്ങളായി ഇവ മാറിയിട്ടുണ്ട്. ഇതിനുപുറമെ, സുരക്ഷക്കും മുന്‍ഗണന നല്‍കുന്നു. കമ്യൂണിറ്റി ഡെവലപ്മെന്റ് ഡിപാർട്മെന്റിന്റെ 2025ലെ ക്വാളിറ്റി ഓഫ് ലൈഫ് സര്‍വേ പ്രകാരം അബൂദബിയിലെ 93.6 ശതമാനം നിവാസികളും രാത്രിയില്‍ ഒറ്റക്ക് നടക്കുന്നത് പൂര്‍ണമായും സുരക്ഷിതമെന്ന് കരുതുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

