Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകായികക്ഷമത...

കായികക്ഷമത വര്‍ധിപ്പിച്ച് അബൂദബി നിവാസികള്‍

text_fields
bookmark_border
കായികക്ഷമത വര്‍ധിപ്പിച്ച് അബൂദബി നിവാസികള്‍
cancel

അബൂദബി: എമിറേറ്റിലെ ജനങ്ങള്‍ക്കിടയില്‍ കായികക്ഷമതയും ആരോഗ്യകരമായ ജീവിതശൈലിയും വര്‍ധിക്കുന്നതായി ഔദ്യോഗിക സര്‍വേ റിപോര്‍ട്ട്. അബൂദബി ഡിപാര്‍ട്ട്മെന്‍റ്​ ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്‍റും (ഡി.സി.ഡി) അബൂദബി സ്പോര്‍ട്സ് കൗണ്‍സിലും (എ.ഡി.എസ്.സി.) സംയുക്തമായി പുറത്തുവിട്ട നാലാമത് 'അബൂദബി സ്പോര്‍ട്സ് ആന്‍ഡ് ഫിസിക്കല്‍ ആക്റ്റിവിറ്റി സര്‍വേ'യിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കായികക്ഷമതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരുടെ എണ്ണം 2025ല്‍ 60.3 ശതമാനമായി ഉയര്‍ന്ന് റെക്കോര്‍ഡിട്ടിരിക്കുകയാണ്. മുന്‍വര്‍ഷം 53.6 ശതമാനമായിരുന്നു. കമ്യൂണിറ്റിയിലെ വലിയൊരു വിഭാഗം ആളുകള്‍ വ്യായാമവും സജീവമായ ജീവിതരീതിയും ശീലമാക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ മുന്നേറ്റമെന്നാണ് വിലയിരുത്തല്‍.

വിവിധ മേഖലകളില്‍ വ്യക്തമായ പുരോഗതിയാണ് സര്‍വേ രേഖപ്പെടുത്തിയത്. യു.എ.ഇ സ്വദേശികള്‍ക്കിടയിലെ കായിക പങ്കാളിത്തം 45.6 ശതമാനത്തില്‍ നിന്ന് 54.3 ശതമാനമായി ഉയര്‍ന്നു. കുട്ടികളും കൗമാരക്കാരും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് വര്‍ധിച്ചിട്ടുണ്ട്. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്ന കുട്ടികളുടെ നിരക്ക് 12.5-ല്‍ നിന്ന് 14.8 ശതമാനമായി മാറി. നിശ്ചയദാർഢ്യക്കാരായ ആളുകള്‍ക്കിടയിലും മികച്ച പുരോഗതിയുണ്ട്. ഇവരില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിവാര ശാരീരിക പ്രവര്‍ത്തന നിര്‍ദേശങ്ങള്‍ പാലിക്കുന്നവര്‍ 43.7 ശതമാനത്തില്‍ നിന്ന് 46.5 ശതമാനമായി വര്‍ധിച്ചു. കായികാവശ്യങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങളിലും കായിക മേളകളിലും ജനങ്ങള്‍ക്കുള്ള സംതൃപ്തി യഥാക്രമം 78, 83 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരുടെ എണ്ണം 2024-ലെ 21,000ല്‍ നിന്ന് 2025ല്‍ 31,000 ആയി ഉയര്‍ന്നത് പങ്കാളിത്തത്തിന്‍റെ ആഴം വ്യക്തമാക്കുന്നു.

സ്പോര്‍ട്സ് ഒരു സുസ്ഥിര ജീവിതശൈലിയായി മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സ്വകാര്യ മേഖലയും ഒത്തൊരുമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് ഡി.സി.ഡി കമ്യൂണിറ്റി എന്‍ഗേജ്മെന്‍റ്​ ആന്‍ഡ് എംപവര്‍മെന്‍റ്​ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഹിലാല്‍ അല്‍ ബലൂഷി പറഞ്ഞു. കൂടുതല്‍ നടപ്പാതകളും സൈക്ലിങ് ട്രാക്കുകളും ഒരുക്കിയതും എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ കായിക പരിപാടികള്‍ സംഘടിപ്പിച്ചതും ഇതിന് വേഗത കൂട്ടി. കൃത്യമായ വിവരശേഖരണത്തിലൂടെ ലഭ്യമായ ഈ സര്‍വേ സൂചകങ്ങള്‍ വരുംദിവസങ്ങളില്‍ നൂതനമായ കായിക പദ്ധതികള്‍ ആവിഷ്‌കരിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും സഹായകരമാകുമെന്ന് എ.ഡി.എസ്.സി സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹംദ അഹമ്മദ് അല്‍ മന്‍സൂരിയും വ്യക്തമാക്കി.

സജീവമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുക, പോഷകാഹാരം മെച്ചപ്പെടുത്തുക, ശാശ്വതമായ പെരുമാറ്റ മാറ്റം വളര്‍ത്തുക, മൊത്തത്തിലുള്ള സമൂഹാരോഗ്യം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഹെല്‍ത്തി ലിവിങ് സ്ട്രാറ്റജി എന്ന പേരില്‍ അബൂദബി സര്‍ക്കാര്‍ പ്രത്യേക പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. സമൂഹാരോഗ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ശാരീരിക പ്രവര്‍ത്തനങ്ങള്‍, മികച്ച പോഷകാഹാരം, സുസ്ഥിരമായ പെരുമാറ്റ മാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹെല്‍ത്തി ലിവിങ് സ്ട്രാറ്റജിയുടെ ലക്ഷ്യം. സാംക്രമികേതര രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവ വര്‍ധിക്കുന്നത് തടയാനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമാണ്. അബൂദബി, അല്‍ ഐന്‍, അല്‍ ധഫ്ര എന്നിവിടങ്ങളിലുടനീളമായി 2025 ഒക്ടോബര്‍ മുതല്‍ വ്യായാമ പരിപാടികളും മറ്റും നടന്നുവരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabifitness
News Summary - Abu Dhabi residents level up fitness.
Next Story